സർക്കാരിന്‍റെ നവകേരള സദസ്സ് ബസ് ഇനി ജനങ്ങൾക്ക്

Share

തിരുവനന്തപുരം: സർക്കാരിന്‍റെ നവകേരള സദസ്സ് ബസ് ആധുനിക സൗകര്യങ്ങളുമായി പര്യടനത്തിനായി ഒരുങ്ങുന്നു. ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട് – ബെംഗളൂരു റൂട്ടിലാണ് സർവീസ് നടത്തുക. മേയ് അഞ്ച് മുതൽ സർവീസ് നടത്തുന്ന ബസിന്‍റെ ബുക്കിങ് ആരംഭിച്ച വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ആധുനിക രീതിയിലുള്ള എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റുകളും, ഫുട് ബോർഡ്, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക ബസിനുള്ളിൽ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയതും, യാത്രക്കാർക്ക് ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ യാത്രക്കാർക്ക് യൂറിനലിനായി ശുചിമുറി, വാഷ്ബേസിൻ തുടങ്ങിയ സൗകര്യങ്ങളും ഗരുഡ പ്രീമിയം സർവീസിൽ ലഭ്യമാകും. യാത്രക്കിടയിൽ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈൽ ചാർജർ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസിലുണ്ട്.
ദിവസവും രാവിലെ 04:00 മണിക്ക് കോഴിക്കോടു നിന്നും യാത്ര ആരംഭിച്ച് കൽപ്പറ്റ, സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പേട്ട്, മൈസൂർ, മാണ്ട്യ വഴി 11:35 ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് O2:30ന് ബെംഗളൂരുവിൽ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10:05 ന് കോഴിക്കോട് എത്തിച്ചേരും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള ബസിൽ കോഴിക്കോട്, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ, ബാഗ്ലൂർ (സാറ്റ്ലെറ്റ് , ശാന്തിനഗർ ) എന്നിവയാണ് സ്റ്റോപ്പുകൾ. സർവീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള 5 ശതമാനം ലക്ഷ്വറി ടാക്സും നൽകണം.