വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓണക്കാലത്ത് പ്രവർത്തന സജ്ജമാകും

Share

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സെപ്റ്റംബറിൽ പ്രവർത്തന സജ്ജമാകുമെന്ന് അദാനി ഗ്രൂപ്പ്. നിർമാണ പ്രവർത്തനങ്ങളെല്ലാം അന്തിമ ഘട്ടത്തിലെത്തി. മേയിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ ട്രയൽ റൺ ആരംഭിച്ച് ഓണക്കാലത്ത് പ്രവർത്തന സജ്ജമാക്കുമെന്നാണ് അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ പറഞ്ഞത്. ഓണക്കാലത്ത് തുറമുഖം പ്രവർത്തന സജ്ജമാക്കുന്ന രീതിയിലാണ് നിർമാണം. മേയ് മാസത്തിൽ വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകൾ കയറ്റിയ വലിയ ബാർജുകൾ എത്തിച്ചാകും ആദ്യഘട്ട ട്രയൽ റൺ. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളുമായി വാണിജ്യ ഇടപാടുകളെക്കുറിച്ച് തുറമുഖ അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുന്നതോടെ ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോവരെ അദാനി ഗ്രൂപ്പ് സൃഷ്ടിക്കുന്ന തുറമുഖ ശൃംഖലയിലെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമാണവും പുരോഗമിക്കുകയാണ്. തുറമുഖത്തിന്‍റെ വിവിധ ആവശ്യങ്ങൾക്കുള്ള എട്ട് കെട്ടിടങ്ങൾ, 220 കെ വിയുടെയും 33 കെ വിയുടെയും രണ്ട് സബ് സ്റ്റേഷനുകൾ എന്നിവയും പൂർത്തിയായിട്ടുണ്ട്. ബെർത്ത്, യാർഡ് എന്നിവയുടെ ആദ്യഘട്ട നിർമാണവും അവസാനഘട്ടത്തിലാണ്.