വിശുദ്ധ മാസമായ റമദാനിൽ അര്‍ഹരായ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും

Share

ദോഹ: വിശുദ്ധ മാസമായ റമദാനിനോടനുബന്ധിച്ച് ഖത്തറും സൗദിയും യുഎഇയും അര്‍ഹരായ ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. യുഎഇയില്‍ മാത്രം 2,592 തടവുകാര്‍ക്കാണ് മോചനം. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 735 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും മോചിതരില്‍ ഉള്‍പ്പെടുന്നു. ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും അര്‍ഹരായ തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പ് നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം. കുറ്റകൃത്യത്തിന്റെ സ്വഭാവം, ശിക്ഷ അനുഭവിച്ച കാലാവധി, ജയിലിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് മോചനത്തിന് അര്‍ഹരായ തടവുകാരെ തിരഞ്ഞെടുക്കുന്നത്.
റമദാന്‍ പ്രമാണിച്ച് സൗദി അറേബ്യയിലും യോഗ്യരായ തടവുകാരെ മോചിപ്പിക്കുന്നതിന് നടപടി തുടങ്ങിയിട്ടുണ്ട്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം മോചനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദി രാജകുമാരന്‍ അറിയിച്ചു.