സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബൈജൂസ് ആപ്പിന്റെ ഓഫീസുകൾ അടച്ചുപൂട്ടി

Share

കടുത്ത പ്രതിസന്ധിയെ തുടര്‍ന്ന് ബൈജൂസ് ആപ്പിന്റെ എല്ലാ ഓഫീസുകളും അടച്ചുപൂട്ടി. ഇരുപതിനായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത്. ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് എല്ലാ ജീവനക്കാര്‍ക്കും നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കമ്പനി അവരുടെ പല കോണ്‍ട്രാക്ടുകളും ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി പുതുക്കിയിരുന്നില്ല. അതേസമയം 6 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള 300 ഓളം ബൈജൂസ് ട്യൂഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഒരിക്കല്‍ 20 ബില്യണ്‍ ആസ്തിയുണ്ടായിരുന്ന കമ്പനിയാണ് ഇപ്പോള്‍ വലിയസാമ്പത്തിക പ്രതിസന്ധി നേരിടുന്നത്.
ബൈജൂസ് ഇന്ത്യ സിഇഒ അർജുൻ മോഹൻ നടപ്പാക്കുന്ന പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായാണ് കമ്പനി അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്. ട്യൂഷൻ സെൻററുകൾ വരുമാനം ഉറപ്പാക്കാൻ സഹായിക്കുമെന്നതിനാലാണ് പൂട്ടാതിരിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം മാർച്ച് 10 നകം ലഭിക്കുമെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ നേരത്തെ ജീവനക്കാർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ശമ്പളം നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ബൈജു രവീന്ദ്രനും കമ്പനിയുടെ ചില ഓഹരി ഉടമകളും തമ്മിൽ പുതിയ ബോർഡ് രൂപീകരണവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. ഏതാനും ദിവസം മുമ്പ് ബൈജു രവീന്ദ്രനെയും കുടുംബത്തെയും ബോർഡിൽ നിന്ന് മാറ്റാൻ ഓഹരി ഉടമകൾ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ബൈജൂസ് തള്ളികളഞ്ഞിരുന്നു.