കലോത്സവനഗരിയിലെ സംഘർഷം: എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

Share

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവരെ രണ്ട് കേസിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഇന്നലെയുണ്ടായ സംഘര്‍ഷത്തിൽ കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്. പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥയിൽ കലാശിച്ചത്. മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെഎസ്‍യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇരു കൂട്ടരും മുദ്രാവാക്യം വിളിച്ചതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി.