ഉത്സവാഘോഷത്തിന് അടുത്തെത്തി അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം

Share

അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങള്‍. ബിജെപി ഭരണത്തിലുളള ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ 22ന് അവധി പ്രഖ്യാപിച്ചത്. അയോധ്യാ രാമക്ഷേത്രം ഉദ്ഘാടന ദിനത്തിൽ പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമല്ല, ഓഹരി വിപണികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിൽ രാമന്റെ 5 വയസ്സ് പ്രായമുള്ള രൂപത്തിൽ ‘രാംലല്ല’ എന്ന വിഗ്രഹമാണ് ഗർഭഗൃഹത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞ് സ്വർണ വില്ലും, ശരവും പിടിച്ചുനിൽകുന്ന രാമന്റെ വിഗ്രഹത്തിൽ കണ്ണുകൾ തുണി കൊണ്ട് മൂടിയിട്ടുമുണ്ട്. അചൽമൂർത്തി എന്ന ഈ വിഗ്രഹമായിരിക്കും ക്ളക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.
കനത്ത സുരക്ഷാവലയത്തിലാണ് അയോധ്യ. പ്രത്യേക കമാന്‍ഡോകള്‍, ദ്രുതകര്‍മ സേന, സിആര്‍പിഎഫ്, ഉത്തര്‍പ്രദേശ് പൊലീസ് എന്നിങ്ങനെ അയോധ്യ ക്ഷേത്രനഗരിയിലും പരിസരത്തും ആയിരക്കണക്കിന് സേനാംഗങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഫൈസാബാദ്- അയോധ്യ റോഡില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നിലവിൽ നിര്‍മ്മാണം പാതിവഴിയിലായി നില്‍ക്കുന്ന അയോധ്യാ ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിന്റെ താഴത്തെ നില മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് രണ്ട് നിലകളുടെ നിര്‍മാണം ആരംഭിച്ചിട്ടില്ല. ഡിസംബറോട് കൂടിയേ പണി പൂര്‍ത്തിയാകൂ എന്നാണ് നിര്‍മാണസമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം അറിയിച്ചത്.