കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വലസ്വീകരണം

Share

കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രാർഥന നടത്തിയ ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി. ക്ഷേത്ര ദർശനം പൂർത്തിയാക്കി, ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി പതിനൊന്ന് മണിയ്ക്ക് കൊച്ചിയിലേയ്ക്ക് മടങ്ങി. കൊച്ചിയിലും വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.
കൊച്ചിയിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 7.30 നാണ് പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തിയത്. സ്വീകരിക്കാനായി മൈതാനത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. തൃശൂർ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ഗുരുവായൂർ അമ്പലത്തിൽ എത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും സോപാനത്തിൽ നെയ്യും താമരയും അർപ്പിക്കുകയും ചെയ്തു. 30 മിനിറ്റോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു.
പിന്നീട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ദമ്പതികൾക്ക് മാലകൾ നൽകി അനുഗ്രഹിച്ചു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തു. രണ്ട് മണിക്കൂറോളം ഗുരുവായൂരിൽ ചെലവഴിച്ച ശേഷം 9.30 ഓടെയാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തൃശൂർ ജില്ലയിൽ സന്ദർശനം നടത്തുന്നത്. വനിതാ സംവരണ ബിൽ പാസാക്കിയതിന് നന്ദി അറിയിക്കാൻ ജനുവരി 3 ന് ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിച്ച വനിതാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.