കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ്

Share

ദുബായ്: യുഎഇയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ദൂരക്കാഴ്ച കുറയുമെന്നും, വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. റോഡുകളിലെ ഇലക്‌ട്രോണിക് സൈൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുത്തുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഇന്ന് യുഎഇയിലെ കാലാവസ്ഥ നേരിയതും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതവുമായിരിക്കും. രാത്രിയിലും വ്യാഴാഴ്ച രാവിലെയും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശുകയും, ഇവ കടലിന് മുകളിൽ ശക്തി പ്രാപിക്കുകയും, രാജ്യത്തിന്റെ വടക്ക് ഭാഗത്തേക്ക് പൊടിയും മണലും വീശാൻ കാരണമാവുകയും ചെയ്യും. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലും ദുബായിൽ 20 ഡിഗ്രി സെൽഷ്യസിനും 26 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. മൂടൽ മഞ്ഞ് തുടരുന്ന കാലാവസ്ഥ ആയതിനാൽ രാജ്യത്തെ നിവാസികൾ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്നവർ കുറഞ്ഞ വേഗപരിധിയിൽ ഓടിക്കണമെന്ന നിർദ്ദേശവുമുണ്ട്.