ക്രിസ്‌തുമസ് രാവിലും ഇരുട്ടിൽ നിറഞ്ഞ് ഗാസ

Share

ഗാസ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുകയാണ്. എന്നാൽ ലോകത്തുതന്നെ ക്രിസ്മസിന് ആഘോഷങ്ങള്‍ ആദ്യം ആരംഭിക്കുന്ന ബത്‌ലഹേമിൽ ഇരുട്ട് മാത്രം. ബത്‌ലഹേമും ഗാസയും ചോരയുടെ മണം പേറി ജീവിക്കുകയാണ്. ദീപാലങ്കാരങ്ങളും, നക്ഷത്രങ്ങളും, കരോള്‍ ഗാനങ്ങളും, ക്രിസ്മസ് പാപ്പയും, ഭീമാകാരമായ ക്രിസ്മസ് ട്രീ എല്ലാമായി ആരംഭിക്കുന്ന ബത്‌ലഹേം നഗരവീഥികളെല്ലാം ശൂന്യവും മൂകവുമായ പ്രതീതി മാത്രം. എല്ലാ വര്‍ഷവും ബത്ലഹേമിലെ നേറ്റിവിറ്റി സ്‌ക്വയറിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പരേഡുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയോടുകൂടി ആഘോഷരാവുകൾക്ക് തുടക്കമിടുന്ന ബത്‌ലഹേമിന്റെ ഒറ്റപ്പെട്ട വീഥികള്‍ ആരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്. ഗാസയാകട്ടെ ചോരയില്‍ കുളിച്ചുനില്‍ക്കുകയാണ്. നാളെ എന്ത് എന്നറിയാത്ത അവര്‍ക്ക് ഇന്ന് ക്രിസ്മസോ ആഘോഷങ്ങളോ ഒന്നുംതന്നെയില്ല. ഗാസയോട് ഐക്യപ്പെട്ടുകൊണ്ട് വെസ്റ്റ് ബാങ്കില്‍ ഇന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെക്കുകയും ചെയ്തു.
എന്നാൽ ഇസ്രയേലിന്റെ ആക്രമാസക്തമായ മനോഭാവം ഇന്നും അവസാനിച്ചില്ല. ക്രിസ്മസ് രാത്രിയിലും ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്ക് ഇസ്രായേൽ ആക്രമണം നടത്തുകയും അതിൽ 70 പേര്‍ കൊല്ലപ്പെടുയും, ഞായാറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ആരോപിച്ചു. അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 20,400ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 1,139 ആണെന്നുമാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 166 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും പലസ്തീനികളുടെ ആകെ മരണസംഖ്യ 20,400 ആയി ഉയര്‍ന്നതായും ഗാസ ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.