പരസ്പര ധാരണയില്‍ രണ്ടിടത്ത് ജോലി ചെയ്യാം; നിലപാടറിയിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം.

Share

ദമാം: സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളിക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ കഴിയുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം. എന്നാല്‍, തൊഴില്‍ കരാറിലോ സ്ഥാപനത്തിന്റെ ബൈലോയിലോ രണ്ടു ജോലി ചെയ്യുന്നത് വിലക്കുന്ന വ്യവസ്ഥ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ലേബര്‍ അതോറിറ്റി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഉപയോക്താക്കളുടെ സേവനങ്ങള്‍ക്കായുള്ള എക്സ് പ്ലാറ്റ്ഫോമിലെ ബെനിഫിഷ്യറി കെയര്‍ അക്കൗണ്ടിലാണ് ഈ വിശദീകരണം. ഇതു സംബന്ധിച്ച് ഒരു ഉപയോക്താവ് ഉന്നയിച്ച ചോദ്യത്തിനാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ജോലികള്‍ സംയോജിപ്പിക്കാന്‍ അനുവാദമുണ്ടെന്ന് മന്ത്രാലയം മറുപടി നല്‍കിയത്.

രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കിയ നിലവിലെ കരാറില്‍ എതിര്‍പ്പ് ഉണ്ടായിരിക്കാന്‍ പാടില്ല. മാത്രമല്ല, സ്ഥാപനത്തിന്റെ ആഭ്യന്തര നിയമങ്ങളിലും ഇതിനെ എതിര്‍ക്കുന്ന വ്യവസ്ഥകല്‍ ഉണ്ടാവരുതെന്നും നിയമമുണ്ട്. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കാനും സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുമായുണ്ടാക്കിയ തൊഴില്‍ കരാറുകള്‍ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ഈ വര്‍ഷം ആദ്യത്തില്‍ ആവിഷ്‌കരിച്ചിരുന്നു. തൊഴിലാളിയുടെയും ജീവനക്കാരന്റെയും അവകാശങ്ങള്‍ ഒരു പോലെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണിത്.