പ്രാര്‍ത്ഥനയോടെ രാജ്യം; ടണലില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക്

Share

ഡൽഹി: ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അന്തിമഘട്ടത്തിലേക്ക് കടന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക്് തുരങ്കമാര്‍ഗം എത്തിച്ചേരാന്‍ ഇനി പത്തു മീറ്റര്‍ കൂടിയാണ് തുരക്കാനുള്ളത്. അപ്രതീക്ഷിതായി നേരിട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ദൗത്യം ഇതുവരെ നീണ്ടുപോയത്. പാറ തുരക്കുന്നതിനിടെ കുടുങ്ങിപ്പോയ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടൊണ് നേരിട്ടുള്ള തുരക്കലിന്് വീണ്ടും കളമൊരുങ്ങിയത്.

ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലില്‍ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാല്‍ വിഐപി സന്ദര്‍ശനത്തിന്റെ ഭാഗമായി ദൗത്യസംഘത്തെ അരമണിക്കൂറോളം തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത് പ്രതിഷേധത്തിന് ഇടയാക്കി. പലദിവസങ്ങളിലായുള്ള ഇത്തരം വി.വി.ഐ.പി, വി.െഎ.പി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. 41 തൊഴിലാളികളാണ് കഴിഞ്ഞ 16 ദിവസമായി ടണലില്‍ കുടുങ്ങികിടക്കുന്നത്.