വരുന്നൂ.. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; ഡിസംബര്‍ 8 മുതല്‍ ജനുവരി 14 വരെ

Share

ദുബായ്: ലോകം ദുബായിലേക്ക് ചുരുങ്ങുന്ന ദിവസങ്ങള്‍ക്ക് ഇനി രണ്ട് മാസത്തെ കാത്തിരിപ്പ് മാത്രം. ദുബായ് ടൂറിസം വകുപ്പിന്റെ ഭാഗമായ, ദുബായ് ഫെസ്റ്റിവല്‍സ് & റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് നേതൃത്വം നല്‍കുന്ന ആഗോള വ്യാപാര മഹോല്‍സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 29-ാമത് എഡിഷന്റെ തിയതി സംഘാടകര്‍ പ്രഖ്യാപിച്ചതോടെ ആവേശത്തിലാണ് ലോകം. 2023 ഡിസംബര്‍ 8 മുതല്‍ 2024 ജനുവരി 14 വരെ 38 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ അരങ്ങേറുക. മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും, വിനോദ വിസ്മയങ്ങളും, സംഗീത പരിപാടികളും, ഭക്ഷണ വിഭവങ്ങളും ഇടം പിടിക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ദുബായില്‍ ഒന്നടങ്കം സാധനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകളും ബംബര്‍ നറുക്കെടുപ്പുകളും നടക്കും. സ്വര്‍ണം, കാറുകള്‍, ഫ്‌ലാറ്റുകള്‍ പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നേടുന്നതിനായി ദിവസേനയുള്ള നറുക്കെടുപ്പുകളും സംഘടിപ്പിക്കും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് കൈനിറയെ സമ്മാനങ്ങളുമായി തിരിച്ചു പോകുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിൽ നിന്നും വ്യത്യസ്തമായ നിരവധി പരിപാടികള്‍ ഇത്തവണ മേളയുടെ ഭാഗമാകും. ഡിസംബര്‍ 15-ന് ദുബായ് കൊക്കകോള അരീനയില്‍ അറബ് സംഗീതജ്ഞരായ അഹ്ലം അല്‍ ഷംസിയും അസ്സലാ നസ്രിയും സംഗീത വിസ്മയം തീര്‍ക്കും. ഡിസംബര്‍ 8 മുതല്‍ 10 വരെ ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റില്‍ ആകര്‍ഷകമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാദേശികമായ പരിപാടികള്‍ക്കൊപ്പം പുതുമകള്‍ നിറഞ്ഞ രാജ്യാന്തര പ്രകടനങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവലില്‍ സംഘടിപ്പിക്കും. രുചിയരങ്ങുകളുടെ മേള കൂടിയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവിധ ദേശങ്ങളില്‍ നിന്നുള്ള വ്യത്യസ്ത രുചിക്കൂട്ടുകള്‍ ഫെസ്റ്റിവലില്‍ അനുഭവവേദ്യമാകും. ദുബായിലെ പ്രധാന വേദികള്‍ക്കൊപ്പം ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് ഉല്ലാസ മേഖലകള്‍, മാളുകള്‍,  എന്നിവിടങ്ങളിലെല്ലാം മേളയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ അരങ്ങുതകര്‍ക്കും. ഇത്തവണത്തെ ഫെസ്റ്റിവല്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ മികവുറ്റതാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുവരുന്നതായി സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.