ജനസദസ്സിന് ബദല്‍; കെപിസിസി-യുടെ കേരള യാത്ര ജനുവരിയില്‍

Share

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ജനസദസ്സിന് ബദലായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരള യാത്ര ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനം. കേരള യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ നാളെ ചേരുന്ന കെപിസിസി യോഗത്തിലും ചര്‍ച്ച ചെയ്യും. യോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും അവതരിപ്പിച്ചു. നാല് മാസത്തെ പരിപാടികളാണ് അവതരിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. നേതാക്കള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരം പ്രകടിപ്പിച്ചു.

സര്‍ക്കാരിനെതിരെ സമരങ്ങള്‍ ശക്തമാക്കാനും തീരുമാനമുണ്ട്. മണ്ഡലം പുന സംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. മുഴുവന്‍ സീറ്റിലും വിജയം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം പുനഃസംഘടന പൂര്‍ത്തിയാക്കി പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താനാണ്. അതിനിടയില്‍ പിണക്കങ്ങള്‍ തീര്‍ത്ത് പ്രാഥമിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങാനും തീരുമാനമുണ്ട്. നീണ്ട ഇടവേളക്കുശേഷമാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. നാളെ നടക്കുന്ന കെപിസിസി സംയുക്ത യോഗത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് പ്രധാന ചര്‍ച്ച. മണ്ഡലം പുനസംഘടനയിലെ പരാതികളും നേതൃത്വം പരിശോധിക്കും. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എ കെ ആന്റണി ഉള്‍പ്പെടെ യോഗങ്ങളില്‍ മുഴുവന്‍ സമയം പങ്കെടുക്കുന്നുണ്ട്.