ബഹിരാകാശത്തേക്ക് യു.എ.ഇ വനിത; നൂറ അല്‍ മത്‌റൂഷി രാജ്യത്തിന്റെ അഭിമാനമാകും

Share

ദുബായ്: ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ യാത്ര സജീവമാക്കാന്‍ ഒരുങ്ങുകയാണ് യു.എ.ഇ. യു.എ.ഇ പൗരന്‍ സുല്‍ത്താന്‍ അല്‍ നെയാദിയുടെ ആറ് മാസക്കാലത്തെ ബഹിരാകാശ ദൗത്യം ചരിത്ര സംഭവമായി മാറിയതിന് പിന്നാലെ അടുത്ത ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി യുഎഇ-യുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അല്‍ മത്‌റൂഷി അടുത്ത ബഹിരാകാശ ദൗത്യം ഏറ്റെടുക്കും. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗന്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യാത്ര യാഥാര്‍ത്ഥ്യമാകുന്നതോടെ ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ അറബ് വനിത എന്ന ബഹുമതിയും നൂറ അല്‍ മത്‌റൂഷിക്ക് സ്വന്തമാകും. ബഹിരാകാശ ഗവേഷണം എന്നതിനൊപ്പം വനിതാ ശാക്തീകരണം ബഹിരാകാശത്തോളം ഉയര്‍ത്തുക എന്ന ആഗോള വീക്ഷത്തിന്റെ ഭാഗമായാണ് യുഎഇ ഒരു വനിതയെ അടുത്ത ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. യുഎഇ-യുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പ്രഖ്യാപനത്തെ ഹര്‍ഷാരവത്തോടെയാണ് രാജ്യം സ്വീകരിച്ചത്. അറബ് ലോകത്തെ ഏറ്റവും നൂതന ഉപഗ്രഹമായ എംബിസെഡ് സാറ്റ് 2024-ന്റെ തുടക്കത്തില്‍ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് യുഎഇ.