പൗരന്‍മാര്‍ക്ക് ഹജ്ജിന് രജിസ്റ്റര്‍ ചെയ്യാം; തീയതി പ്രഖ്യാപിച്ച് യു.എ.ഇ

Share

ദുബായ്: 2024-ല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട തീയതി ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 5 മുതല്‍ 21 വരെ അതോറിറ്റിയുടെ ആപ്പ് വഴി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ത്ഥാടകരുടെ ക്വാട്ട പരിമിതമാണെന്നും അതിനാല്‍ മുന്‍കൂട്ടി പേരുകള്‍ ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്നും യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യുഎഇ ഹജ്ജ് പെര്‍മിറ്റ് നല്‍കുന്നത് പൗരന്‍മാര്‍ക്ക് മാത്രമാണെന്നും പ്രവാസികള്‍ സ്വന്തം രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടയും നടപടിക്രമങ്ങളും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോകുന്നതെന്നും അതിന്റെ പട്ടികയും വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണെന്നും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് വ്യക്തമാക്കി. യാത്രാ വേളയിലെ വിസ, ഹോട്ടല്‍, ഗതാഗതം, ഭക്ഷണം എന്നിവയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഹജ്ജ് പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നത്.

2024 ജൂണിലാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നതെന്നും തീര്‍ത്ഥാടകരുടെ ആദ്യ സംഘം മെയ് മാസത്തോടെ രാജ്യത്ത് എത്തിച്ചേരുമെന്നും സൗദി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ-19-ന്റെ നിയന്ത്രണങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് ഹജ്ജ് തീര്‍ത്ഥാടനം പൂര്‍ണ്ണ തോതില്‍ ആരംഭിച്ചത്. രാജ്യം കൊവിഡുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തില്‍ 2023-ലെ തീര്‍ത്ഥാടന കാലയളവില്‍ 2 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. അതേസ്ഥാനത്ത് ഭാഗികമായ നിയന്ത്രണം ഉണ്ടായിരുന്ന 2022-ല്‍ 9 ലക്ഷത്തോളം പേരാണ് ഹജ്ജ ് നിര്‍വഹിച്ചത്. ശാരീരികമായും സാമ്പത്തികമായും ഭദ്രതയുള്ള വിശ്വാസികള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജജ് കര്‍മ്മം നിര്‍വഹിച്ചിരിക്കണമെന്നാണ് വിശ്വാസം.