യു.എ.ഇ-ഒമാന്‍ ബസ് കൂടുതല്‍ മേഖലകളിലേക്ക്; റാസല്‍ഖൈമ-മുസന്ദം സര്‍വീസ് ഉടൻ

Share

ദുബായ്:  യു.എ.ഇ-യിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള പൊതുഗതാഗതം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായാണ് മസ്‌കത്തില്‍ നിന്ന് അലൈന്‍ വഴി അബുദബിയിലേക്കുള്ള ബസ് സര്‍വീസിന് ഒക്ടോബര്‍ 1 മുതല്‍ പുന:രാരംഭിച്ചത്. ഇതിന് പിന്നാലെ യു.എ.ഇ എമിറേറ്റായ റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.  മുസന്ദം ഗവര്‍ണറേറ്റുമായി റാസല്‍ഖൈമയെ ബന്ധിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര പൊതുഗതാഗത സര്‍വീസ് എന്ന പ്രത്യേകതയോടെ 2023 ഒക്ടോബര്‍ 6 വെള്ളിയാഴ്ച മുതല്‍ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. റാസല്‍ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനായ അല്‍ ദൈത് സൗത്തില്‍ നിന്നാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. യാത്രാമദ്ധ്യേ എമിറേറ്റിലെ അല്‍ റാംസ്, ഷാം മേഖല എന്നിവിടങ്ങളിലായി രണ്ട് സ്റ്റോപ്പുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. മുസന്ദം ഗവര്‍ണറേറ്റില്‍, തിബാത്ത്, ബുഖയിലെ വിലായത്ത്, ഹാര്‍ഫ്, ഖദ മേഖലകളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കും. ഖസബിലെ വിലായത്തിൽ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരിക്കും തുടക്കത്തില്‍ സര്‍വീസുകള്‍ ഉണ്ടാവുക. പ്രാദേശിക സമയം രാവിലെ 8 മണിക്കും വൈകുന്നേരം 6 മണിക്കും രണ്ട് യാത്രകള്ളാണ് തുടക്കത്തിൽ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദേശം 3 മണിക്കൂര്‍ നീണ്ട യാത്രയ്ക്കായി 50 ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. RAKTA യുടെ ഔദ്യോഗിക വെബ്സൈറ്റായ RAKBUS ആപ്ലിക്കേഷന്‍ വഴിയോ ബസില്‍ നിന്നോ ബസ് സ്റ്റേഷനിലോ എത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പുതിയ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് 2023 ഓഗസ്റ്റ് 30-നാണ് ‘റാക്ടയും’ മുസന്ദം മുനിസിപ്പാലിറ്റിയും തമ്മില്‍ കരാർ ഒപ്പുവച്ചത്. ടൂറിസത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള പൊതുഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ഈ മാസം 1 മുതല്‍ ആരംഭിച്ച മസ്‌ക്കറ്റ്-അലൈൻ-അബുദബി ബസ് സര്‍വീസ് കാര്യക്ഷമമായി മുന്നോട്ടുപോകുകയാണ്. മസ്‌കറ്റില്‍ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ബസ് വൈകീട്ട് 3.40-ന് അബുദാബിയിലും, അബുദാബിയില്‍ നിന്ന് രാവിലെ 10.45-ന് പുറപ്പെടുന്ന ബസ് രാത്രി 8.35-ന് മസ്‌കറ്റിലെത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഈ സമയക്രമം പാലിച്ചുകൊണ്ടായിരിക്കും ബസ് സര്‍വീസ് നടത്തുക. മസ്‌കറ്റില്‍ നിന്ന് അലൈന്‍ വഴി അബുദബിയില്‍ എത്തിച്ചേരാന്‍ 11.50 ഒമാനി റിയാല്‍ അതായത് 109 ദിര്‍ഹം ആണ് നിരക്ക്. 210 ദിര്‍ഹമായിരിക്കും റൗണ്ട് ട്രിപ്പ് ടിക്കറ്റ് ചാർജ്.