സേവനങ്ങള്‍ അതിവേഗത്തിലാക്കാന്‍ ദുബായ് ആര്‍.ടി.എ; സ്മാര്‍ട്ട് കിയോസ്‌കുകള്‍ വ്യാപകമാക്കുന്നു

Share

ദുബായ്: ദുബായിലൂടെ യാത്ര ചെയ്യുമ്പോള്‍ പലയിടത്തും കടും നീല നിറത്തില്‍ ATM മാതൃകയിലുള്ള കിയോസ്‌കുകള്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകാം. അത് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അതായത് RTA സ്ഥാപിച്ചിരിക്കുന്ന പുതിയ അത്യാധുനിക സ്മാര്‍ട്ട് കിയോസ്‌കുകളാണ്. ഈ കിയോസ്‌കുകള്‍ക്ക് നിരവധി പ്രത്യേകതകളുണ്ട്. ഇതുവഴി നമുക്ക് വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് പുതുക്കാം, പാര്‍ക്കിംഗ് ഫീസും പിഴയും അടക്കയ്ക്കാം, നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാം അങ്ങനെ 32-ഓളം വ്യത്യസ്ത തരം ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗത്തില്‍ നല്‍കാന്‍ കഴിയുന്നതാണ് ഈ കിയോസ്‌കുകള്‍. 24 മണിക്കൂറും ഈ കിയോസ്‌കുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കും. മാത്രമല്ല നിശ്ചയദാര്‍ഢ്യക്കാര്‍ക്കും ഈ കിയോസ്‌കുകള്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡെബിറ്റ്-ക്രഡിറ്റ് കാര്‍ഡുകളുടെ സഹായത്തോടെ പണമടച്ച്് കിയോസ്‌കുകളുടെ സേവനം നമുക്ക് ഉറപ്പാക്കാന്‍ കഴിയും. രാജ്യാന്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ RTA പുതിയ സ്മാര്‍ട്ട് കിയോസ്‌കുകള്‍ വ്യാപകമായി സ്ഥാപിക്കുന്നത്. നിലവില്‍ 38-ഓളം കിയോസ്‌കുകളാണ് പ്രവര്‍ത്തന സജ്ജമായതെന്നും ആവശ്യാനുസരണം കൂടുതല്‍ മേഖലകളിലേക്ക് ഇത്തരം സ്മാര്‍ട്ട് കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും RTA അധികൃതര്‍ അറിയിച്ചു.