ഇന്ത്യ-കാനഡ നയതന്ത്ര വിള്ളല്‍; പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര സർക്കാർ

Share

ഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളല്‍ മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും നിലപാടുകള്‍ കടുപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയാണ് ഖാലിസ്ഥാന്‍ ഭീകരന്റെ വധത്തിന് പിന്നിലെന്നാരോപിച്ച് കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും, അക്രമങ്ങളും നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൗരന്‍മാരോട് ആവശ്യപ്പെട്ടു.

കാനഡയിലെ ഹിന്ദുമതസ്ഥര്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് അടക്കം ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതസ്ഥര്‍ക്ക് കാനഡയോട് കൂറില്ലെന്നും സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങള്‍ ഒക്ടോബര്‍ 29-ന് വാംഗ്കൂവയില്‍ ഒത്തു കൂടണം. ഇന്ത്യന്‍ ഹൈകമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തില്‍ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു. സെപ്തംബര്‍ 25ന് കാനഡയില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ വന്‍ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വിവിധ സംഘടനകള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐ-യുമായി ചേര്‍ന്ന് വ്യാപക സംഘര്‍ഷമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.

അതിനിടെ, 43 കൊടും കുറ്റവാളികളുടെ വിവരങ്ങള്‍ ഇന്ത്യുടെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ പുറത്തുവിട്ടു. ഖാലിസ്ഥാന്‍ ഭീകരരുമായി ബന്ധമുള്ളവരുടെ അടക്കം വിവരമാണ് പരസ്യമാക്കിയത്. അതേസമയം ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ കനേഡിയന്‍ മണ്ണില്‍ വധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടു. ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ . ഗുരുതരമാണ്. അവ അന്വേഷിക്കാനുള്ള കാനഡയുടെ ശ്രമത്തെ യു.എസ് പിന്തുണയ്ക്കുന്നുവെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി.സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ എറിക് ഗര്‍സെട്ടി പറഞ്ഞു. യു.കെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തു വന്നിട്ടുണ്ട്.