ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; 9 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; 3 പേരുടെ നില അതീവ ഗുരുതരം

Share

BREAKING NEWS: ബത്തേരി/: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ജീപ്പിലുണ്ടായിരുന്ന ഒമ്പതു പേര്‍ക്ക് ദാരുണാന്ത്യം.  പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി വയനാട് ജില്ലാ  കളക്ടര്‍ രേണുരാജ് അറിയിച്ചു.  ഡ്രൈവറടക്കം മൂന്നുപേരുടെയും നില അതീവ ഗുരുതരമാണ്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നിവരാണ് മരിച്ചത്.  ലത, ഉമാദേവി, ഡ്രൈവർ മണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. 12 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നതെന്ന്  രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികൾ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും പിന്നീട് സ്ഥലത്തെത്തി.

കമ്പമല തേയില എസ്റ്റേറ്റിലെ സ്ത്രീ തൊഴിലാളികളാണ് മരിച്ചത്.  ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന്  ഉച്ചക്കുശേഷം ഇന്ത്യന്‍ സമയം 3.30-ഓടെയാണ് തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. 30 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്.  മക്കിമലയില്‍ നിന്ന് വാളാട് ഭാഗത്തേക്ക് തേയില നുള്ളാന്‍ പോയ തൊഴിലാളികളെ തിരിച്ചുകൊണ്ടു വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരുടെ ചികിത്സ ഉള്‍പ്പെടെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനും ആവശ്യമായ മറ്റു നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. സംഭവത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. മന്ത്രി എ.കെ ശശീന്ദ്രന്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.