മക്കയിലും മദീനയിലും തൊഴിലവസരങ്ങൾ; സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം

Share

റിയാദ്: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങളായ മക്ക, മദീന നഗരങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡാറ്റ പ്രൊട്ടക്ഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിദഗ്ദ്ധര്‍ എന്നിവരെ കൂടാതെ അസിസ്റ്റന്റ് പ്രോജക്ട് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുമാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ നിയമ സഹായം, ട്രെയിനിംഗ് അസിസ്റ്റന്റ്, സൈബര്‍ സെക്യൂരിറ്റി അസിസ്റ്റന്റ്, സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി അസിസ്റ്റന്റ്, ഡാറ്റാ അനലിസ്റ്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, ഗവേഷകര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി തൊഴില്‍ പോര്‍ട്ടലായ ജദാരത്ത് വഴി ഈ മാസം 23 ബുധനാഴ്ച മുതല്‍ 5 ദിവസമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ വര്‍ഷമാണ് വീണ്ടും ആരംഭിച്ചത്. സ്വദേശത്തും വിദേശത്തുമുള്ള ഏകദേശം 1.8 ദശലക്ഷം വിശ്വാസികളാണ് കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വഹിച്ചത്. ഈ വര്‍ഷം 10 ദശലക്ഷത്തോളം വിശ്വാസികള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കി നീട്ടിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ പരിഗണിക്കാതെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നും ഉംറ നിര്‍വഹിക്കാന്‍ കഴിയുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിര്‍വഹിക്കാനും വിനോദ സഞ്ചാരത്തിനുമായി 8 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി അനുമതി നല്‍കിയതായി സൗദി അധികൃതര്‍ അറിയിച്ചു.