താമസവിസയിലെ വിവരങ്ങൾ മാറ്റാം ഓൺലൈനിലൂടെ; സ്‌പോണ്‍സറുടെ അനുമതി നിർബന്ധം

Share

ദുബായ്:  യു.എ.ഇ-യിലെ താമസ വിസയില്‍ ഏതെങ്കിലും വിവരങ്ങള്‍ മാറ്റേണ്ടി വന്നാല്‍ സ്‌പോണ്‍സറുടെ അനുമതിയോടെ ഇനി മുതല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റാന്‍ കഴിയും. വ്യക്തിഗത വിവരങ്ങളും തൊഴില്‍ സംബന്ധിച്ച കാര്യങ്ങളും പാസ്പോര്‍ട്ട് വിവരങ്ങളും ഇങ്ങനെ ഓണ്‍ലൈവിലൂടെ മാറ്റാവുന്നതാണ്. താമസ വിസ ഭേദഗതികള്‍ക്കായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ എമിറേറ്റ്സ് ഐഡി മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷയും സ്വയമേവ തന്നെ സൃഷ്ടിക്കപ്പെടും. ഈ സേവനം ഓഫിസുകളില്‍ നേരിട്ട് പോകാതെ തന്നെ ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വ്യക്തമാക്കി. ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ (www.icp.gov.ae) യു.എ.ഇ.ഐ.സി.പി സ്മാര്‍ട്ട് ആപ്പിലോ ലോഗിന്‍ ചെയ്യണം. വ്യക്തിഗത വിവരങ്ങള്‍, തൊഴില്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, പൗരത്വം എന്നിവ ഓണ്‍ലൈനായി മാറ്റാവുന്ന തരത്തിലാണ് താമസ വിസ ഡാറ്റകളില്‍ ഉള്‍പ്പെടുന്നത്. സേവനത്തിനായി അപേക്ഷിക്കുന്നവര്‍ ID തെളിയിക്കാനുള്ള കളര്‍ ഫോട്ടോ, പാസ്പോര്‍ട്ട് കോപ്പി, സ്പോണ്‍സര്‍ ഒപ്പിട്ട ഡാറ്റ മാറ്റാനുള്ള അഭ്യര്‍ത്ഥന, എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പകര്‍പ്പ് (കാര്‍ഡിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും) എന്നീ രേഖകള്‍ സമര്‍പ്പിക്കണം.