‘അക്കരപ്പച്ച’ റിലീസിനൊരുങ്ങുന്നു; ആദ്യ പോസ്റ്റർ ഷാർജയിൽ പുറത്തിറങ്ങി

Share

ദുബായ്: അറേബ്യന്‍ മണ്ണില്‍ നിന്നുകൊണ്ട് പ്രവാസി മലയാളിയുടെ സുഖ:ദുഖ സമ്മിശ്രമായ ജീവിതം ഒപ്പിയെടുത്ത ഒട്ടനവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പലതും നാട്ടിലേയും പ്രവാസലോകത്തെയും മലയാളി സമൂഹത്തെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന അക്കരപ്പച്ച എന്ന ചിത്രം. അറേബ്യന്‍ മണ്ണിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ലോഞ്ചിങ് ഷാര്‍ജയില്‍ നടന്നു. മലയാളത്തിലെ പ്രശസ്ത താരങ്ങളും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒപ്പം ദുബായിലെ പ്രമുഖ കലാകാരന്മാരും അണിനിരക്കുന്ന ഈ സിനിമയുടെ ആദ്യ പോസ്റ്റര്‍ ലോഞ്ചിങ് അക്ഷരാര്‍ത്ഥത്തില്‍ താരസംഗമ വേദിയിയായി മാറി.

ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ വേദിയിലേക്ക് ആനയിക്കപ്പെട്ട കലാപ്രഭികളെയും സദസിനെ പ്രബുദ്ധമാക്കിയ സിനിമ ആസ്വാദകരെയും സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ നടി സേതുലക്ഷ്മിയുടെ സാന്നിധ്യത്തില്‍ അക്കരപ്പച്ചയുടെ ആദ്യ പോസ്റ്റര്‍ റിലീസായി. ഫൈസല്‍ റാസി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രന്‍സ,് വിന്‍ഷി അലോഷ്യസ്, ഹരീഷ് കണാരന്‍, വിനോദ് കോവൂര്‍, നിഷാ സാരംഗ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങങ്ങളാണ് വേഷമിടുന്നത്. തമിഴിലെ പ്രശസ്ത കാമറമാന്‍ എസ്. സെല്‍വകുമാര്‍ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുമ്പോള്‍ പട്ടണം ഷാ-യുടെ മേക്കഅപ്പും റസാക്കിന്റെ വസ്ത്രാലങ്കാരവും ബാവയുടെ കലാസംവിധാനവും ചിത്രത്തിന്റെ മാറ്റ് കൂട്ടും. ആനുകാലിക സംഭവ വികാസങ്ങളിലൂടെ കടന്ന് പോകുന്ന തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.