വിശുദ്ധ കഅ്ബാലയം കഴുകല്‍ പൂര്‍ത്തിയായി; അതിഥിയായി ചടങ്ങില്‍ പങ്കെടുത്ത് എം.എ യൂസഫലി

Share

റിയാദ്: ഈ വര്‍ഷത്തെ വിശുദ്ധ കഅ്ബാലയം കഴുകല്‍ ചടങ്ങില്‍ നിറസാന്നിധ്യമായി മലയാളി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും ലുലു ഗ്രൂപ്പ് മേധാവിയുമായ പത്മശ്രീ ഡോ: എം.എ യൂസഫലി. സൗദി അധികൃതരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അതിഥിയായാണ് അദ്ദേഹം ചടങ്ങില്‍ സംബന്ധിച്ചത്. ഇസ്ലാം മതവിശ്വാസികളുടെ ആഗോള ആത്മീയ കേന്ദ്രമായ പരിശുദ്ധ മക്കയിലെ കഅ്ബാലയം കഴുകല്‍ കര്‍മത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് പുണ്യമാണെന്നും വലിയ അനുഗ്രഹമാണെന്നും എം.എ യൂസഫലി പ്രതികരിച്ചു. വിശുദ്ധമായ ചടങ്ങിലേക്ക് ക്ഷണിച്ചതിന് സൗദി ഭരണാധികാരികള്‍ക്ക് ഹൃദയഭാഷയില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. വിശ്വാസ സമൂഹം സാക്ഷ്യം വഹിച്ച ഈ വര്‍ഷത്തെ കഅ്ബ കഴുകല്‍ ചടങ്ങ് ഇന്ന് (2023 ആഗസ്റ്റ് 2) രാവിലെ പൂര്‍ത്തിയായി. പ്രഭാത നിസ്‌കാരത്തോടെ ആരംഭിച്ച തിരുകര്‍മ്മം രാവിലെ പ്രാദേശിക സഹായം ഒമ്പത് മണിയോടെയാണ് പൂര്‍ത്തിയായത്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഇരു ഹറം കാര്യാലയ മേധാവി ശെയ്ഖ് അബ്ദുര്‍റഹ്‌മാന്‍ അല്‍ സുദൈസ്, സൗദി കാബിനറ്റ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സംബന്ധിച്ചു.