ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം വാര്‍ത്തകള്‍ക്ക് കാനഡയില്‍ വിലക്ക്; സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ‘മെറ്റ’

Share

ഒറ്റാവ: ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നിരാശരാക്കി കാനഡയില്‍ ഇനിമുതല്‍ ‘മെറ്റ’ പ്ലാറ്റ്ഫോമുകളിലൂടെ വാര്‍ത്തകള്‍ വായിക്കാന്‍ കഴിയില്ല. കാനഡയിലുള്ള സ്വദേശികളും വിദേശികളും അടക്കമുള്ള ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കളെ നിരാശരാക്കുന്നതാണ് ഈ തീരുമാനം. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡയില്‍ അടുത്തിടെ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന്  ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ അറിയിച്ചു. 2023 ജൂണ്‍ 22-നായിരുന്നു ഇത്തരത്തിലൊരു നിയമം കാനഡയില്‍ പ്രാബല്യത്തില്‍ വന്നത്.

പുതിയ ഓണ്‍ലൈന്‍ വാര്‍ത്താ നിയന്ത്രണം നിലവില്‍ വന്നതോടെ ഗൂഗിളും ആശയക്കുഴപ്പത്തിലാണ്. മെറ്റ സ്വീകരിച്ച അതേ നിലപാട് തന്നെ ഗൂഗിളും സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ നവമാധ്യമ മേഖലയ്ക്ക് വലിയ പ്രതിസന്ധി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ അടങ്ങിയ നവമാധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന മെറ്റയും ഒപ്പം ഗൂഗിളും പോലുള്ള പ്ലാറ്റ്ഫോമുകളില്‍ ഓഡിയോ-വിഷ്വല്‍ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വിതരണം ചെയ്യുന്നതിന് പ്രാദേശിക വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്നതാണ് വ്യവസ്ഥ. ഇതിന് സമാന നിയമം ഓസ്‌ട്രേലിയയിലും ഈയിടെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.