പാലക്കാട് സിപിഐ-യിൽ കൂട്ടരാജി; പാർട്ടി വിടാനൊരുങ്ങി എംഎല്‍എ മുഹമ്മദ് മുഹസീൻ

Share

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ 7 പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവെച്ചു. മുഹസീനൊപ്പം നേതൃനിരയിലുള്ള 7 പേരും രാജിക്കത്ത് കൈമാറി. ജില്ല നേതൃത്യത്തിന്റെ ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് കത്തില്‍ കാരണം കാണിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന പാലക്കാട് ജില്ല എക്‌സിക്യൂട്ടീവ് രാജി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യും. പാലക്കാട്ടെ സി പി ഐ ജില്ല നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി ഏറ്റുമുട്ടാനിറങ്ങിയിരിക്കുകയാണ് ജില്ലയിലെ പാര്‍ട്ടിയുടെ ഏക എംഎല്‍എ ആയ മുഹമ്മദ് മുഹസീന്‍. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളെ ലക്ഷ്യം വച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മുഹമ്മദ് മുഹസീന്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പക്ഷത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ കൂടുതല്‍ നിയന്ത്രണം. എന്നാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് പിന്തുണ നഷ്ടപ്പെടുകയും ഇസ്മായില്‍ വിഭാഗം പട്ടാമ്പി മണ്ഡലം കമ്മിറ്റി പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ജില്ലാ സമ്മേളനത്തിനിടെ വിഭാഗീയ പ്രവര്‍ത്തനം അതിരുകടന്നതായി പാര്‍ട്ടി നിയോഗിച്ച 3 അംഗ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂഹസീനെിരെ നടപടി സ്വീകരിക്കുയും ഇതിന്റെ ഭാഗമായി ജില്ല എക്‌സിക്യൂട്ടിവില്‍ നിന്ന് കൗണ്‍സിലിലേക്ക് തരം താഴ്ത്തുകയും ചെയ്തു.

മുഹ്‌സിനെ കൂടാതെ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരം താഴ്ത്തി. ഇതിനെ തുടര്‍ന്ന് പ്രതിഷേധ സൂചകമായി വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്ന് അംഗങ്ങള്‍ കൂട്ടത്തോടെ പിരിഞ്ഞു പോയി. കാനം പക്ഷക്കാരനായ സി.പി.ഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചോദ്യം ചെയ്തതിനാണ് അച്ചടക്ക നടപടിിലേക്ക് നയിച്ചതെന്നാണ് ആരോപണം. കൂടുതല്‍ പേര്‍ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ 22 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.