ഗ്ലോബല്‍ വില്ലേജ് ഒരുക്കങ്ങള്‍ സജ്ജം; ചെറുകിട കച്ചവടങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് ഒഴിവാക്കും

Share

ദുബായ്: സാംസ്‌കാരിക വൈവിധ്യങ്ങളുടെ സമ്മേളന വേദിയായ ഗ്ലോബല്‍ വില്ലേജിന്റെ സീസണ്‍ 28-നായി തയ്യാറെടുക്കുകയാണ് ദുബായ്. 2023 ഒക്ടോബര്‍ 18-ഓടെ സീസണ്‍ 28-ന് തിരിതെളിയുമെന്ന് ഗ്ലാബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. അതേസമയം കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ട്രേഡ് ലൈസന്‍സ് ഇല്ലാതെ ചെറുകിട കച്ചവടങ്ങള്‍ ചെയ്യാന്‍ അവസരമൊരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തവണ വില്ലേജില്‍ കിയോസ്‌ക്കുകള്‍ക്കും ഭക്ഷണ വിതരണം ചെയ്യുന്ന വണ്ടികള്‍ക്കും രജിസ്ട്രേഷന്‍ മാത്രം മതിയാവും. റജിസ്‌ട്രേഷന് വേണ്ടുന്ന അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സംഘാടകര്‍ വ്യക്തമാക്കി. ട്രേഡ് ലൈസന്‍സ് ഒഴിവാക്കുന്നതോടെ സംരംഭകര്‍ക്ക് ഫുഡ് ആന്റ് ബിവറേജ് വ്യാപാരം മറ്റ് തടസ്സങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.

ജോലിക്കാര്‍ക്കുള്ള വിസ, സ്റ്റാഫ് കിയോസ്‌ക് ഘടനകളുടെ നിര്‍മാണം ഉള്‍പ്പെടെ സംരംഭകര്‍ക്ക് ആകര്‍ഷകമായ സേവനങ്ങളും പിന്തുണയും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. എഫ് ആന്റ് ബി ബിസിനസ് ആശയങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ വേഗത്തിലും എളുപ്പത്തിലും തുറന്നു നല്‍കുകയാണ് ട്രേഡ് ലൈസന്‍സ് ഒഴിവാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. സാംസ്‌കാരിക വൈവിധ്യങ്ങളുടെ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ചെറുകിട കച്ചവടങ്ങളിലൂടെയും ഫുഡ് കാര്‍ട്ടുകളിലൂടെയും മികച്ച വരുമാനമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചുവരുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. ട്രേഡ് ലൈസന്‍സിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകര്‍ക്ക് ഗ്ലോബല്‍ വില്ലേജ് റിസ്‌ക് ഏറ്റവും കുറഞ്ഞ നിക്ഷേപകേന്ദ്രമായി മാറും. ബ്രാന്‍ഡിംഗിനായി മികച്ച കമ്പനികളുമായി സഹകരിക്കുന്നതിനുള്ള സഹായങ്ങളും സ്റ്റോറേജ് സൗകര്യങ്ങളും ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്കുള്ള പേയ്മെന്റ് പ്രക്രിയ ലളിതമാക്കുന്നതിന് പോയിന്റ് ഓഫ് സെയില്‍ സംവിധാനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളും ഒരുക്കുന്നതിന് സംരംഭകരെ സഹായിക്കും. സീസണ്‍ 27-ല്‍ ഇതര രാജ്യങ്ങളില്‍ നിന്നായി 90 ലക്ഷത്തോളം ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിച്ചത്.