തൊഴില്‍ നിയമത്തില്‍ അടിമുടി മാറ്റം വരുത്തി ഒമാന്‍; തൊഴിലിടങ്ങളിലെ അവധി ദിനങ്ങള്‍ പരിഷ്‌കരിച്ചു

Share

മസ്‌ക്കറ്റ്: വിഷൻ 2040-ന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ നിയമത്തില്‍ വലിയ മാറ്റങ്ങളുമായി ഒമാന്‍. പൗരന്മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കൂടുതല്‍ പരിഗണന നല്‍കി തൊഴില്‍ അവധി ദിനങ്ങള്‍ പരിഷ്‌കരിച്ചതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. 2023-ലെ റോയല്‍ ഡിക്രി നമ്പര്‍ 53 പ്രകാരം വരുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ മാതാപിതാക്കള്‍ക്കും അസുഖബാധിതര്‍ക്കും പരിചാരകര്‍ക്കും വാര്‍ഷിക അവധി ദിനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജോലിസ്ഥലത്തെ അധികഭാരം ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെ പാര്‍ട്ട് ടൈം ജോലി ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ് പുതിയതായി വര്‍ധിപ്പിച്ച അവധി ആനുകൂല്യം. കുട്ടിയുടെ ജനനത്തിനു മുമ്പും ശേഷവുമുള്ള കാലയളവുകള്‍ കണക്കാക്കി ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് നിലവില്‍ 98 ദിവസത്തെ ശമ്പളത്തോടെയുള്ള പ്രസവാവധി ലഭിക്കും. കുട്ടികളുടെ സംരക്ഷണത്തിനായി അമ്മമാര്‍ക്ക് ഒരു വര്‍ഷം വരെ ശമ്പളമില്ലാത്ത അവധിയും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. അവധിക്കുശേഷം ജോലിയില്‍ തിരിച്ചെത്തിയാല്‍ എല്ലാ തൊഴില്‍ ദിനങ്ങളിലും ദിവസവും ഒരു മണിക്കൂര്‍ ശിശുസംരക്ഷണത്തിന് അര്‍ഹതയുണ്ടായിരിക്കും. മാത്രമല്ല പിതാക്കന്മാര്‍ക്ക് ഏഴു ദിവസത്തെ പിതൃത്വ അവധിക്ക് അപേക്ഷിക്കുകയും ചെയ്യാം.

രോഗിയായ കുടുംബാംഗം വീട്ടിലുണ്ടെങ്കില്‍ അവരെ പരിചരിക്കുന്നതിനായി 15 ദിവസത്തെ അവധി ലഭിക്കും. കൂടാതെ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ 182 ദിവസത്തെ അസുഖ അവധിക്ക് ജീവനക്കാര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ഇക്കാലയളവിലെ ആദ്യ ദിനം മുതല്‍ 21 വരെയുള്ള ദിവസങ്ങളിലെ മുഴുവന്‍ ശമ്പളവും 22 മുതല്‍ 35 വരെയുള്ള ദിവസ ശമ്പളത്തിന്റെ 75 ശതമാനവും 36 മുതല്‍ 70 വരെ 50 ശതമാനവും 71 മുതല്‍ 182-ാം ദിവസം വരെ 35 ശതമാനവുമായിരിക്കും ശമ്പളം ലഭിക്കുക. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലക്ഷ്യമിട്ട് പഠനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലോ സര്‍വ്വകലാശാലകളിലോ ചേര്‍ന്നിട്ടുള്ള ജീവനക്കാര്‍ക്ക് പതിനഞ്ച് ദിവസത്തെ പഠന അവധിക്ക് അര്‍ഹതയുണ്ടായിരിക്കും. ഒരു മുസ്ലീം വനിതാ തൊഴിലാളിയുടെ ഭര്‍ത്താവ് മരിച്ചാല്‍ 130 ദിവസവും മറ്റ് വിഭാഗക്കാര്‍ക്ക് 14 ദിവസവും ശമ്പളമില്ലാത്ത പ്രത്യേക അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.

ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനും റിക്രൂട്ട്മെന്റ് ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്് ഒരു തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയ്ക്കായി താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമത്തില്‍ ശ്രദ്ധേയം. മാത്രമല്ല ഒരു തൊഴിലാളിയുടെ പ്രകടനം ഗുണകരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ തൊഴിലുടമയുള്ള കരാര്‍ അവസാനിപ്പിക്കാന്‍ അവകാശമുണ്ടായിരിക്കും. എന്നാല്‍ കാര്യക്ഷമത സംബന്ധിച്ച് തൊഴിലാളിയെ കൃത്യമായി ബോധ്യപ്പെടുത്തുകയും അത് പരിഹരിക്കാന്‍ ആറുമാസത്തോളം സമയം അനുവദിക്കുകയും വേണം. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു ഒമാനി തൊഴിലാളിയെ നിയമിക്കേണ്ടി വന്നാല്‍ അതേ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനും തെഴിലുടമയ്ക്ക് അവകാശമുണ്ടായിരിക്കും. 25-ല്‍ കൂടുതല്‍ സ്ത്രീ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക വിശ്രമസ്ഥലം സജ്ജീകരിക്കണമെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തൊഴിലുടമകളും ജീവനക്കാരും ഒരേപോലെ ഉള്‍ക്കൊള്ളുകയും പ്രശംസിക്കുകയും ചെയ്ത തീരുമാനമാണ് തൊഴില്‍ നിയമത്തിലെ പുതിയ പരിഷ്‌കാരമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.