റിലീസിനൊരുങ്ങി ‘മലൈക്കോട്ട വാലിബന്‍’; കട്ട മാസ് ചിത്രമെന്ന് അണിയറ പ്രവര്‍ത്തകര്‍

Share

NEWS DESK: നന്‍പകല്‍ നേരത്ത് മയക്കം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രം ‘മലൈക്കോട്ട വാലിബന്‍’ റിലീസിന് മുമ്പേ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. സിനിമയെ കുറിച്ചുള്ള ഓരോ പുതിയ വാര്‍ത്തകള്‍ക്കും അത്രത്തോളം പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടെ ‘മലൈക്കോട്ട വാലിബന്‍’ കട്ട മാസ് ചിത്രമായിരിക്കുമെന്ന വെളിപ്പെടുത്തലുമായി നിര്‍മാതാവും നടനുമായ വിജയ് ബാബു രംഗത്തുവന്നു. ഓണ്‍ലൈന്‍ മീഡിയയായ സില്ലി മോങ്കിസ് മോളിവുഡിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള വിജയ് ബാബുവിന്റെ പ്രതികരണം. പൊടി പറക്കുന്ന, അടി നിറയുന്ന കട്ട മാസ് ചിത്രം ലിജോയുടെ മനസ്സില്‍ വര്‍ഷങ്ങളായിട്ടുണ്ടെന്നും അത് വാലിബനില്‍ പ്രതീക്ഷിക്കാമെന്നുമാണ് വിജയ് ബാബുവിന്റെ അഭിപ്രായം.

എന്തായാലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെയും ഏറ്റവും വലിയ സിനിമയാകും ‘മലൈക്കോട്ട വാലിബന്‍’ എന്നാണ് വിലയിരുത്തല്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഒരു ക്ലാസ് ചിത്രം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിയെ മികച്ച നടനായും തിരഞ്ഞെടുത്തു. ആ വിജയം ഉള്‍ക്കൊണ്ടുകൊണ്ടാണ് സൂപ്പര്‍ താരമായ മോഹന്‍ലാലും സൂപ്പര്‍ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്നത്. പി.എസ്. റഫീക്ക് ആണ് തിരക്കഥ. ഛായാഗ്രഹണം മധു നീലകണ്ഠന്‍. സംഗീതം പ്രശാന്ത് പിള്ള. ആര്‍ട് ഗോകുല്‍ ദാസ്. ടിനു പാപ്പച്ചന്‍ ആണ് സംവിധാന സഹായി.