ദുബായ്: ദുബായ് സാലിക്കിലെ പുതിയ രണ്ട് ടോള്‍ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ‘ബിസിനസ് ബേ ഗേറ്റ്’, ‘അല്‍ സഫ സൗത്ത് ഗേറ്റ്’ എന്നിവയാണ് പുതിയ ടോള്‍ ഗോറ്റുകള്‍. ഇതോടെ ദുബായില്‍ സാലിക്ക് പ്രവര്‍ത്തിപ്പിക്കുന്ന ടോള്‍ഗേറ്റുകളുടെ എണ്ണം 10 ആയി. സാലിക് പുതിയ ഗേറ്റുകള്‍ ആരംഭിക്കുന്ന കാര്യം ഓഗസ്റ്റ് 28-ന് പ്രഖ്യാപിച്ചിരുന്നു. അവയാണ് ഈ മാസം അവസാന വാരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. പുതിയ രണ്ട് ടോള്‍ ഗേറ്റുകള്‍ ശെയ്ഖ് സായിദ് റോഡ് സ്ട്രെച്ചിലൂടെയും പുറത്തേക്കും വാഹന നീക്കം കൂടുതല്‍ സുഗമവും കാര്യക്ഷമവുമാവുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് പുതിയ സാലിക്ക് ഗേറ്റുകള്‍ വരുന്നത്. അല്‍ ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ശെയ്ഖ് സായിദ് റോഡിലെ അല്‍ സഫ സൗത്തിലും സ്ഥിതി ചെയ്യുന്ന രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി വരുന്നതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയരും. ഷാര്‍ജ, അല്‍ നഹ്ദ, അല്‍ ഖുസൈസ് എന്നിവിടങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അല്‍ ഖൈല്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന പാലമെന്ന നിലയില്‍ ബിസിനസ് ബേയിലെ പാലം ഏറെ തിരക്കേറിയ കേന്ദ്രമാണ്. പുതിയ ഗേറ്റുകള്‍ ഇതുവഴിയുള്ള ട്രാഫിക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് പറഞ്ഞു.