കുവൈറ്റ് സിറ്റി: കുവൈറ്റിലെ പർച്ചേസ് ഇൻവോയ്സുകളിൽ അറബി ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന പുതിയ നിയമവുമായി കുവൈറ്റ്. ഇതുപ്രകാരം എല്ലാ വ്യാപാര സ്ഥാപങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ അറബി ഭാഷയിലാക്കാം. എന്നാൽ രണ്ടാമതൊരു ഭാഷയായി ഇംഗ്ലീഷിലോ മറ്റോ വിവരങ്ങൾ രേഖപ്പെടുത്താൻ നിയമം അനുവദിക്കുന്നുണ്ട്. എല്ലാ കടയുടമകളും കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും പർച്ചേസ് ഇൻവോയ്സുകളിൽ പ്രാഥമിക ഭാഷയായി അറബി ഉപയോഗിക്കണമെന്ന് കുവൈറ്റിലെ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ നിയന്ത്രണം എല്ലാ ഇടപാടുകൾക്കും ബാധകമാണ്. വാണിജ്യ മേഖലയിലുടനീളമുള്ള ഭാഷാ ഉപയോഗത്തിൽ സ്ഥിരത ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.അറബി നിർബന്ധമാണെങ്കിലും, ഇൻവോയ്‌സുകളിൽ ഒരു അധിക ഭാഷ ഉൾപ്പെടുത്താൻ നിയന്ത്രണം അനുവദിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇത് അന്തർദേശീയ ഉപഭോക്താക്കളുമായി ഇടപഴകുന്ന ബിസിനസുകൾക്ക് സൗകര്യപ്രദമാവും. പുതിയ നിയന്ത്രണത്തിന് അനുസൃതമായി, പർച്ചേസ് ഇൻവോയ്‌സുകളിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വാങ്ങുന്ന ഉപഭോക്താവിന്റെ മുഴുവൻ പേര്, ഇടപാട് തീയതി, വാങ്ങുന്നയാളുടെ പൂർണ വിലാസം, വാങ്ങിയ ഇനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, സാധനം പുതിയതാണോ ഉപയോഗിച്ചതാണോ നവീകരിച്ചതാണോ തുടങ്ങിയ വിവരങ്ങൾ, വാങ്ങിയ ഇനങ്ങളുടെ എണ്ണം, ഓരോ ഇനത്തിന്റെയും വില, അടയ്ക്കേണ്ട മൊത്തം തുക, ബാധകമാവുന്ന കേസുകളിൽ ഡെലിവറി പ്രതീക്ഷിക്കുന്ന തീയതി തുടങ്ങിയവ നിർബന്ധമായും ബില്ലിൽ ഉൾപ്പെടുത്തണം. ഇതിനു പുറമെ, വാങ്ങലുമായി ബന്ധപ്പെട്ട ഏതെങ്കിലും നിർദ്ദിഷ്ട സീരിയൽ അല്ലെങ്കിൽ തിരിച്ചറിയൽ നമ്പർ, ഇൻവോയ്‌സ് സാധൂകരിക്കുന്നതിനുള്ള വിതരണക്കാരന്റെ ഔദ്യോഗിക ഒപ്പും കമ്പനി സ്റ്റാമ്പും ഇൻവോയ്‌സിൽ ഉണ്ടായിരിക്കണം. കുവൈറ്റ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നിയന്ത്രണം രാജ്യത്തെ എല്ലാ ബിസിനസുകളിലും ഏകീകൃത രീതി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. വാങ്ങുന്നയാളുടെ വിശദാംശങ്ങൾ, ഇനത്തിന്റെ പ്രത്യേകതകൾ, വിതരണക്കാരുടെ ആധികാരികത എന്നിവ ഉൾപ്പെടെയുള്ള വിശദമായ ഇൻവോയ്‌സ് വിവരങ്ങൾ നൽകാനുള്ള നിർദേശം ഷോപ്പ് ഉടമകളും കമ്പനികളും വാണിജ്യ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.