ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്ന സംവിധാനവുമായി യു എസ്; വിവാദങ്ങളുമായി കമ്പനികൾ

Share

സമ്പന്നരായ ദമ്പതികൾക്ക് അവരുടെ ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്ന സേവനവുമായി യുഎസ് സ്റ്റാർട്ടപ് കമ്പനി. മനുഷ്യ ഭ്രൂണങ്ങളില്‍ മാറ്റം വരുത്തുന്ന പരീക്ഷണങ്ങളുടെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് വിവാദ സേവനവുമായി കമ്പനി എത്തുന്നത്. ദ ഗാർഡിയനാണ് ഇതിനെ പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഹെലിയോസ്‌പെക്റ്റ് ജെനോമിക്‌സ് എന്ന യുഎസ് സ്റ്റാർട്ടപ്പ് കമ്പനിയാണ് ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്ന സേവനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഹോപ്പ് നോട്ട് ഹേറ്റ് എന്ന കാമ്പെയ്ൻ ഗ്രൂപ്പിൻ്റെ വീഡിയോ റെക്കോർഡിംഗുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഹോപ്പ് നോട്ട് ഹെറ്റിനൊപ്പം റെക്കോർഡിങുകള്‍ അവലോകനം ചെയ്തതിനു ശേഷമാണ് ഗാർഡിയൻ വാർത്ത പുറത്തുവിടുന്നത്.
ആവശ്യക്കാരെ കണ്ടെത്താന്‍ കമ്പനിയെ സഹായിക്കുന്ന ജീവനക്കാരന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 100 ഭ്രൂണങ്ങളുടെ വരെ ഐക്യു പരിശോധിക്കാൻ 50,000 ഡോളര്‍ (42,03471 രൂപ) വരെയാണ് കമ്പനി ആവശ്യപ്പെടുന്നതെന്നും റെക്കോഡിങ്ങുകളിൽ നിന്ന് അറിയാൻ പറ്റുന്നുണ്ട്. ജീനോം എഡിറ്റിംഗിനെ ചുറ്റിപ്പറ്റിയുള്ള ധാർമ്മിക ചർച്ചകൾ നടക്കുന്ന കാലത്ത് ഇത്തരം അവകാശവാദവുമായി കമ്പനി എത്തിയത് വൻ വിമർശനമാണ് സൃഷ്ടിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യകൾ സാമൂഹിക കാരണങ്ങളേക്കാൾ ജീവശാസ്ത്രത്തിൽ നിന്നാണ് അസമത്വം ഉണ്ടാകുന്നത് എന്ന വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു എന്നതാണ് ഇത്തരത്തിൽ ഭ്രൂണങ്ങളുടെ ഐക്യു പരിശോധിക്കുന്നതിലെ ധാർമികമായ ഒരു പ്രശ്നം.