അബൂദബി: സ്വകാര്യ സ്കൂളുകളിൽ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. ബാഗിന്റെ ഭാരം കുട്ടികളുടെ ശരീര ഭാരത്തിന്റെ അഞ്ചു മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് സ്കൂളുകള്‍ക്ക് നല്കിയ നിര്‍ദേശം. അമേരിക്കന്‍ കിറോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് അധികൃതര്‍ എല്ലാ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോഗ്യവും ശാരീരിക ശക്തിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമൊക്കെ കണക്കാക്കി വേണം അവരുടെ ബാഗിന്റെ ഭാരം കണക്കാക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. 2026 ഫെബ്രുവരി ഒന്നു മുതലായിരിക്കും സ്കൂളുകള്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തേണ്ടത്.
കെ.ജി മുതല്‍ ഗ്രേഡ് പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പരിമിതപ്പെടുത്തിയിരിക്കുന്ന ബാഗിന്റെ ഭാരമാണ് താഴെ നൽകിയിരിക്കുന്നത്.
കെജി1/എഫ്എസ്2, കെജി2/ഒന്നാം വര്‍ഷം, ഗ്രേഡ് 1/രണ്ടാം വര്‍ഷം രണ്ട് കിലോഗ്രാം, ഗ്രേഡ് 2/ മൂന്നാം വര്‍ഷം മൂന്ന് മുതല്‍ 4.5 കിലോഗ്രാം വരെ, ഗ്രേഡ് 3/നാലാം വര്‍ഷം മൂന്നു കിലോഗ്രാം മുതല്‍ 4.5 കിലോഗ്രാം വരെ, ഗ്രേഡ് 4/അഞ്ചാം വര്‍ഷം മൂന്നു മുതല്‍ 4.5 കിലോഗ്രാം വരെ, ഗ്രേഡ് 5/ആറാം വര്‍ഷം ആറു മുതൽ എട്ട് കിലോഗ്രാം വരെ, ഗ്രേഡ് 6/ഏഴാം വര്‍ഷം ആറു മുതൽ എട്ട് കിലോഗ്രാം വരെ, ഗ്രേഡ് 7/എട്ടാം വര്‍ഷം ആറു മുതല്‍ എട്ട് കിലോഗ്രാം വരെ, ഗ്രേഡ് 8/ഒമ്പതാം വര്‍ഷം ആറു മുതല്‍ എട്ട് കിലോഗ്രാം വരെ, ഗ്രേഡ് 9/പത്താം വര്‍ഷം 10 കിലോഗ്രാം വരെ, ഗ്രേഡ് 10/പതിനൊന്നാം വര്‍ഷം 10 കിലോഗ്രാം വരെ, ഗ്രേഡ് 11/പന്ത്രണ്ടാം വര്‍ഷം 10 കിലോഗ്രാം വരെ, ഗ്രേഡ് 12/പതിമൂന്നാം വര്‍ഷം 10 കിലോഗ്രാം വരെ.