സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് ‘ഓൺലൈൻ ജോലി’ക്ക് അപേക്ഷിക്കുന്നവർ കുടുങ്ങുന്നത് തട്ടിപ്പ് സംഘങ്ങളിൽ. ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം താത്കാലികമായി നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകുന്ന രീതിയെയാണ് മണിമ്യൂൾ എന്ന് പറയുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗുഗിൾ പേ അക്കൗണ്ടുമുള്ളവരെ തേടിയുള്ള പരസ്യങ്ങൾ കണ്ട് ജോലിക്ക് അപേക്ഷിക്കുന്നവർ എത്തുന്നത് ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ.
ഇത്തരത്തിൽ വാടകക്ക് നൽകുന്ന അക്കൗണ്ടിൽ എത്തുന്ന തുക നിശ്ചിത അളവാകുമ്പോൾ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഇതിന് ഉയർന്ന കമ്മീഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നവരും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡേറ്റാ എൻട്രി എന്നൊക്കെ പറയുന്ന പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവർ വ്യക്തിഗതരേഖകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സമർപ്പിക്കുന്നതിനാൽ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് പറയുന്നു.
ഇത്തരത്തിലുള്ള പരസ്യങ്ങൾ കണ്ട് ജോലിക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ ഡേറ്റാ എൻട്രി എന്നൊക്കെ പറഞ്ഞ് ജോലിക്ക് എടുക്കും എന്നിട്ട് ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും എന്നിട്ടാകും ജോലി എന്താണെന്ന് വിശദീകരിക്കുക. നല്ല കമ്മീഷൻ കിട്ടുന്ന കാര്യമായതിനാൽ ഇത് ജോലിയായി തന്നെ പലരും സ്വീകരിക്കുകയാണ് പതിവ്. സൈബർ വിഭാഗത്തിന്റെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വാടക അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഏതാനും ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയവരെയും പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.