രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി ടാറ്റ ട്രസ്റ്റിന് പുതിയ ചെയർമാൻ

Share

ന്യൂഡൽഹി: പ്രമുഖ വ്യവസായ രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി ടാറ്റ ട്രസ്റ്റിന് പുതിയ ചെയർമാൻ. അർധ സഹോദരനായ 67കാരൻ നോയൽ ടാറ്റയെ ട്രസ്റ്റിന്റെ ചെയർമാനായി തെരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ ബോർഡ് യോ​ഗത്തിലാണ് തീരുമാനം. ട്രെൻ്റ് ആൻഡ് ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനും ടാറ്റ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ മാനേജിങ് ഡയറക്ടറുമാണ് ഇദ്ദേഹം. കൂടാതെ, ടൈറ്റൻ കമ്പനിയുടെയും ടാറ്റ സ്റ്റീലിൻ്റെയും വൈസ് ചെയർമാനുമാണ്.
രത്തൻ ടാറ്റയുടെ രണ്ടാനമ്മയായ സിമോൺ ടാറ്റയുടെ മകനാണ് നോയൽ ടാറ്റ. നിലവിൽ സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയായ നോയൽ ടാറ്റ, 2000ൽ ഗ്രൂപ്പിനൊപ്പം ചേർന്നതുമുതൽ ടാറ്റയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നിരവധി ബോർഡുകളിലും നോയൽ ടാറ്റ അംഗമാണ്. ടാറ്റയുടെ 14 ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന ബോഡിയാണ് ടാറ്റ ട്രസ്റ്റ്.
ബിസിനസ് സാമ്രാജ്യത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച നോയൽ ടാറ്റയുടെ മേല്‍നോട്ടത്തില്‍2 010 ഓഗസ്റ്റിനും 2021 നവംബറിനുമിടയില്‍ 500 മില്യണ്‍ ഡോളറിന്റെ വിറ്റുവരവില്‍നിന്ന് മൂന്ന് ബില്യണ്‍ ഡോളറിലേക്ക് കമ്പനിയുടെ വളര്‍ച്ച പ്രാപിച്ചു. ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നോയല്‍ വഹിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. 1998ല്‍ ഒരു സ്‌റ്റോര്‍ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് എഴുന്നൂറിലധികം സ്‌റ്റോറുകളായി വളര്‍ന്നു. യുകെയിലെ സസെക്‌സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദം നേടി നോയല്‍ ടാറ്റ ഐഎന്‍എസ്ഇഎഡിയില്‍നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.