ദില്ലിയിൽ ഡോക്ടറെ വെടിവച്ച് കൊന്നു. കാളിന്ദികുഞ്ച് മേഖലയിൽ ജയ്ത്പൂരിലെ നിമ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സക്കായി ആശുപത്രിയിൽ എത്തിയ പ്രതികൾ ഡോക്ടറെ വെടിവെക്കുകയായിരുന്നു. യുനാനി ഡോക്ടറായ ജാവേദ് അക്തർ ആണ് കൊല്ലപ്പെട്ടത്. പ്രതികളായി രണ്ടു പേരെ സിസിടിവി ദൃശ്യങ്ങളിൽ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ ക്വട്ടേഷനാണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ 16 , 17 വയസ്സുള്ളവർ ആണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ദില്ലിയിൽ ക്രമസമാധാനം തകർന്നുവെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു.