Share

സൗദിയിലെ സ്‌കൂള്‍ കാന്‍റീനുകളില്‍ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ വില്‍പ്പന നടത്തരുതെന്ന് വിദ്യഭ്യാസ മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ സ്‌കൂള്‍ കാന്‍റീനുകളില്‍ വച്ച് ചായയോ കാപ്പിയോ വില്‍പ്പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചെറിയ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ സ്കൂൾ ക്യാന്റീനിലാണ് ഈ പാനീയങ്ങൾ നൽകരുതെന്ന നിർദ്ദേശം നൽകിയത്. അതേസമയം സെക്കന്‍ഡറി സ്‌കൂളുകളിലെ കാന്‍റീനുകളില്‍ മാത്രം കാപ്പിയും ചായയും വില്‍ക്കാമെന്നും അധികൃതര്‍ അറിയിച്ചു. കിന്‍റര്‍ഗാര്‍ഡൻ, പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ ഈ ജനപ്രിയ പാനീയങ്ങള്‍ നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ചായയോ കാപ്പിയോ നല്‍കുന്ന കപ്പിന്‍റെ വലുപ്പം 240 മില്ലിമീറ്ററില്‍ കൂടരുത്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാലും ചൂടുള്ള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് രണ്ട് ടീസ്പൂണില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, സ്‌കൂള്‍ കാന്‍റീനുകളിലെ നിരോധിത ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്ക്സ്, ഫിസി ഡ്രിങ്കുകള്‍, ഫ്‌ളേവറുള്ള വിറ്റാമിനുകള്‍, സ്പോര്‍ട്സ് ഡ്രിങ്ക്സ്, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങള്‍, തണുത്ത ചായ, പഴച്ചാറിന്‍റെ അളവ് 30 ശതമാനത്തേക്കാള്‍ കുറവുള്ള ജ്യൂസുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
വിദ്യാർഥികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ സ്‌കൂള്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആരോഗ്യകരമായ പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും സ്‌കൂള്‍ കാന്‍റീനുകളില്‍ സമീകൃത ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.