ഒമാനിൽ 3,415 വ്യാപാര സ്ഥാപനങ്ങളുടെ വാണിജ്യ രജിസ്ട്രേഷനുകള്‍ റദ്ദാക്കി

Share

മസ്‌കറ്റ്: രാജ്യത്ത് നേരത്തേ രജിസ്റ്റര്‍ ചെയ്തിരുന്ന 3,415 വ്യാപാര സ്ഥാപനങ്ങളുടെ വാണിജ്യ രജിസ്ട്രേഷനുകള്‍ റദ്ദാക്കിയതായി ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ അവയുടെ ലൈസന്‍സ് കാലഹരണപ്പെടുകയോ ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് അവയുടെ രജിസ്‌ട്രേഷന്‍ കാന്‍സല്‍ ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വാണിജ്യ രജിസ്റ്റര്‍ നിയമം 3/74 അടിസ്ഥാനമാക്കിയാണ് നടപടി. വാണിജ്യ രജിസ്‌ട്രേഷനുകള്‍ റദ്ദാക്കാനുള്ള നീക്കം, മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നതിനും എല്ലാ സജീവ വാണിജ്യ രജിസ്‌ട്രേഷനുകളും നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനം നിര്‍ത്തിയതോ ലൈസന്‍സ് കാലഹരണപ്പെട്ടതോ ആയ കമ്പനികളുടെ സമഗ്രമായ അവലോകനത്തിന്റെ ആദ്യ ഘട്ടമെന്ന നിലക്കാണ് 1970 മുതല്‍ 1999 വരെ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷന്‍ മന്ത്രാലയത്തിലെ വാണിജ്യ ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ദോഹാനി പറഞ്ഞു. രണ്ടാം ഘട്ട അവലോകനത്തില്‍ 2000 മുതല്‍ 2018 വരെയുള്ള കമ്പനികളെ ഉള്‍പ്പെടുത്തും. റദ്ദാക്കിയ രജിസ്‌ട്രേഷനുകളില്‍ ജോയിന്റ് – സ്റ്റോക്ക് കമ്പനികളോ വ്യക്തിഗത വ്യാപാരികളോ ഉള്‍പ്പെടുന്നില്ലെന്ന് അല്‍ ദോഹാനി പറഞ്ഞു.
വിപണി നിയന്ത്രണത്തിനും ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകളുമായി ബന്ധപ്പെട്ട ഡാറ്റ, കണക്കുകള്‍, സ്ഥിതിവിവരക്കണക്കുകള്‍ എന്നിവയുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും ഈ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാണിജ്യ രജിസ്റ്റര്‍ നിയമം 3/74ന്റെ ആര്‍ട്ടിക്കിള്‍ 15 അനുസരിച്ച് ഒരു വ്യാപാരി മരിക്കുകയോ ബിസിനസ് നടത്തുന്നത് അവസാനിപ്പിക്കുകയോ, ഒരു കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുകയോ, ഒരു ശാഖയോ ഏജന്‍സിയോ പൂട്ടുകയോ ചെയ്താല്‍, വാണിജ്യ രജിസ്റ്ററില്‍ നിന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. മന്ത്രാലയത്തിന്റെ പുതിയ നടപടികള്‍ വിപണിയിലെ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുമെന്നും ബിസിനസ് സമൂഹത്തിനും നിയന്ത്രണ സ്ഥാപനങ്ങള്‍ക്കും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.