ബിജെപി അജണ്ടയായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടപ്പ്’ എന്നതിനെ ശക്തമായി പ്രതിരോധിക്കാൻ പ്രതിപക്ഷം. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ബില്ലിനെ സഭയിൽ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നത്.
ബിൽ പ്രാവർത്തികമാകില്ലെന്നും സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. കേന്ദ്രസർക്കാർ നാടകം കളിക്കുകയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബില്ലിനെതിരെ പ്രതികരിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നുള്ള ന്യായീകരണമാണ് ബില്ലിനെ പറ്റി ബിജെപി മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ടയിൽ അഭിപ്രായമില്ലാതെ മുസ്ലിം ലീഗും ആർ എസ് പിയും. രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക് മുന്നിൽ ഇരുപാർട്ടികളും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ എതിർത്തില്ല. അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലാത്ത ഇരു പാർട്ടികളും അവരുടെ അഭിപ്രായം സമിതിക്ക് മുന്നിൽ പറഞ്ഞിട്ടില്ല.
മോദി സർക്കാരിന്റെ നീക്കത്തെ എതിർക്കാൻ ഇരുപാർട്ടികളും ഇതുവരെ ധൈര്യം പ്രകടിപ്പിച്ചിട്ടില്ല. 15 പാർട്ടികൾ ആണ് വിഷയത്തിൽ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമതിക്ക് മുന്നിൽ അഭിപ്രായം പറയാത്തത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ 32 പാർട്ടികൾ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.