മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം

Share

മുതിർന്ന പൗരന്മാർക്ക് 1.02 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. നിലവിൽ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകുമെന്നാണ് അറിയിപ്പ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്.
മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ ബാധകമായിരിക്കില്ല. 4.5 കോടി കുടുംബങ്ങളിലായുള്ള ആറ് കോടിയോളം പൗരന്മാർക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതി പ്രകാരം മുതിർന്നയാളുള്ള കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണു നൽകുന്നത്. ഇവർക്ക് ആരോഗ്യ കാർഡ് ലഭ്യമാക്കും. ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ആനുകൂല്യം പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് ലഭിക്കില്ല. നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ലഭിക്കും. അധികപരിരക്ഷ മുതിർന്നവർക്ക് മാത്രമായിരിക്കും. പുതുതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം – ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്എസ്, എക്സ് – സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ് – സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് തുടരുകയോ, ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം. സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്ഐ സ്കീമിന്‍റെ ഭാഗമായവർക്കും അധിക പരിരക്ഷയായി ആയുഷ്മാൻ ഭാരത് കവറേജ് ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.