ബഹ്റൈനില്‍ തൊഴില്‍ നിയമ ലംഘന ശിക്ഷയില്‍ ഇളവ് പ്രഖ്യാപിക്കും

Share

മനാമ: ബഹ്റൈനില്‍ തൊഴില്‍ റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങളിലെ ശിക്ഷയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.
2006 ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമത്തിലെ ഭേദഗതികളെ തുടര്‍ന്നാണ് ശിക്ഷകളില്‍ ഇളവ് വരുത്തിയിരിക്കുന്നത്. അത് രാജ്യത്തെ ഭരണാധികാരി ഹമദ് രാജാവ് 12/2024 ഉത്തരവിലൂടെ പുറപ്പെടുവിക്കുകയും ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. നിയമങ്ങളില്‍ ഇളവ് വരുത്തുന്ന പുതിയ നിയമഭേദഗതി നടപ്പിലായാല്‍ ചട്ട ലംഘനം നടത്തുന്ന കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പിഴ ശിക്ഷയില്‍ ഇളവുകള്‍ ലഭിക്കും. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസകരമാകുന്ന രീതിയില്‍ പിഴശിക്ഷയില്‍ ഇളവ് നല്‍കുന്നതാണ് പുതിയ ഭേദഗതി.
ഭേദഗതി നടപ്പിലായാല്‍ തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചുമത്തുന്ന പിഴയില്‍ കാര്യമായ ഇളവുകളുണ്ടാകും. ഇത് പ്രകാരം, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് നിലവിലുള്ള ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കും. കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റോ മറ്റ് കമ്പനികളുടെ പെര്‍മിറ്റോ ഉള്ള വിദേശ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ 1,000 ദിനാറോ 2,000 ദിനാറോ വരെ പിഴയോ തടവും പിഴയും ഒന്നിച്ചോ ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ നിയമഭേദഗതി വരുന്നതോടെ അത് 500 ദിനാര്‍ മാത്രമായി കുറയും. എന്നാല്‍ നിയമ ലംഘനം ആവര്‍ത്തിക്കുന്ന കേസുകളില്‍ പിഴ ഇരട്ടിയാക്കും.
നിശ്ചിത തുക പിഴ അടച്ച് ലംഘനങ്ങള്‍ ക്രമവത്കരിക്കാനും പുതിയ നിയമം അനുവദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറിയിപ്പ് ലഭിച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളില്‍ നിശ്ചിത തുക അടച്ച് ലംഘനങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സെറ്റില്‍മെന്റ് തുക പൂര്‍ണമായി അടച്ചാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കുവാനും നിയമ ഭേഗതി നടപ്പിലായാല്‍ സാധിക്കും. ശിക്ഷകളും പിഴകളും കുറച്ചു കൊണ്ടുള്ള പുതിയ നിയമഭേദഗതി കമ്പനികള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ആശ്വാസകരമാണ്. രാജ്യത്തെ ബിസിനസ് മേഖലയ്ക്ക് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇളവുകള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നിരിക്കുന്നത്.