യുഎഇ യിലെ പൊതുമാപ്പ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും

Share

ദുബായ്: അനധികൃത താമസക്കാര്‍ക്കായി യുഎഇ ഒരുക്കിയ പൊതുമാപ്പ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും. വിസ നിയമലംഘകര്‍ക്ക് പിഴയോ മറ്റ് നിരോധനമോ മറ്റു നടപടികളോ ഇല്ലാതെ യുഎഇയിലെ താമസ പദവി ക്രമപ്പെടുത്തുന്നതിനോ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനോ സൗകര്യമൊരുക്കുന്ന പൊതുമാപ്പ് വേളയില്‍ തങ്ങളുടെ പൗരന്മാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ വിവിധ നയതന്ത്ര ദൗത്യങ്ങള്‍. ഔട്ട്പാസ് വാങ്ങി രാജ്യത്തിന് പുറത്തേക്ക് പോകുന്നവര്‍ക്ക് സൗജന്യമായോ നിരക്ക് കുറച്ചോ വിമാന ടിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികള്‍ വിവിധ എംബസികളും കോണ്‍സുലേറ്റുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
എന്നാല്‍ യുഎഇയില്‍ തുടര്‍ന്നും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കല്‍, പൊതുമാപ്പ് അപേക്ഷകരെ അതിന്‍റെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സമര്‍പ്പിത ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി സംരംഭങ്ങള്‍ വിവിധ എമിറേറ്റുകളിലായി ആരംഭിച്ചിട്ടുണ്ട്. പൊതുമാപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സിന്‍റെ (ജിഡിആര്‍എഫ്എ) പ്രധാന കേന്ദ്രമായ അല്‍ അവീര്‍ സെന്‍ററില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി) നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും
. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അനധികൃത ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലേറ്റിലും അല്‍ അവീര്‍ സെന്‍ററിലും സൗജന്യമായി ഔട്ട്പാസ് എന്ന് വിളിക്കപ്പെടുന്ന ഒറ്റത്തവണ യാത്രാ രേഖയായ ഇസിക്ക് അപേക്ഷിക്കാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വിമാന ടിക്കറ്റിന്‍റെ ചെലവ് വഹിക്കാന്‍ പ്രയാസമാണെങ്കില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവരെ സഹായിക്കുമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടിക്കറ്റുകള്‍ ഉയര്‍ന്ന വിലക്കിഴിവിലോ സൗജന്യമായോ നല്‍കാന്‍ എയര്‍ലൈനുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.