അബുദാബി: യുഎഇ വിസ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിടാന്‍ തീരുമാനിക്കുന്ന അനധികൃത താമസക്കാര്‍ക്ക് വിമാന ടിക്കറ്റില്‍ കിഴിവ് അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നിവയുള്‍പ്പെടെയുള്ള യുഎഇ എയര്‍ലൈനുകളുമായി ആശയവിനിമയം നടത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ദുബായ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വ്യക്തമാക്കി.
രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവരും എന്നാല്‍ സാമ്പത്തിക ഞെരുക്കം നേരിടുന്നവരുമായവര്‍ക്കാണ് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എയര്‍ലൈന്‍ പ്രതിനിധികളുമായി നിരവധി ഏകോപന യോഗങ്ങള്‍ നടത്തിയതായും, പൊതുമാപ്പ് പ്രയോജനപ്പെടുത്തി യുഎഇ വിടുന്നവര്‍ക്ക് നിരക്കിളവ് നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട്. വിമാനക്കമ്പനികള്‍ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചുവെന്നും ഐസിപി പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 30വരെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് പ്രോഗ്രാം ഉപയോഗപ്പെടുത്തുന്ന നിയമ ലംഘകരില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള പിഴയോ ഫീസോ ഈടാക്കില്ലെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെയാണ് വിമാന ടിക്കറ്റ് നിരക്കില്‍ കിഴിവ് നല്‍കാനുള്ള അധികൃതരുടെ നീക്കം. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രവേശന വിലക്ക് ലഭിക്കില്ലെന്നും അവര്‍ക്ക് ഉചിതമായ വിസയുമായി എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാമെന്നും ഐസിപി അധികൃതര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.