കുവൈത്തിൽ സ്വദേശിവൽക്കരണം കർശനമാക്കും

Share

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയിലെ ജോലികളില്‍ കുവൈറ്റ് യുവാക്കളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ നടപടികളുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി നടത്തിയ പഠന റിപ്പോര്‍ട്ട് സ്വകാര്യ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പുറത്തുവിടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ജോലികള്‍ക്കു പുറമെ സ്വകാര്യ മേഖലയിലെ ജോലികളില്‍ കൂടി കുവൈറ്റ് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂടുതല്‍ നടപടികളുമായി അതോറിറ്റി മുന്നോട്ടുപോവുന്നത്.
സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാനും ഭാവി ബജറ്റില്‍ ശമ്പള ഇനത്തില്‍ അനുവദിക്കുന്ന തുകയുടെ നിരക്ക് കുറച്ച് ബജറ്റ് കമ്മി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം സ്വദേശിവല്‍ക്കരണ നിരക്കുകള്‍ അനുസരിച്ച് കുവൈറ്റ് പൗരന്‍മാരെ ജോലികളില്‍ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരായ പിഴ 100 കുവൈറ്റ് ദിനാറില്‍ നിന്ന് 300 ദിനാറായി വര്‍ധിപ്പിക്കും. ഇതിനു പുറമെ, ചില മേഖലകളില്‍, പ്രത്യേകിച്ച് എണ്ണ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നിരക്ക് 50 ശതമാനമായും മറ്റ് മേഖലകളില്‍ 30 ശതമാനവുമാക്കി വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.