കോഴിക്കോട്: മധ്യവേനല്‍ അവധി അവസാനിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. വിവിധ ഗള്‍ഫ് നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ചിരിക്കുന്നത്. ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ മുതല്‍ കേരളത്തിലേക്കുള്ള യാത്രയ്ക്കും പതിവുപോലെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
കേരളത്തില്‍നിന്നും ഗള്‍ഫ് നാടുകളിലേക്കു ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന ബുക്കിങ്ങുകള്‍ക്കാണ് കൂടിയ നിരക്ക് നല്‍കേണ്ടി വരിക. കരിപ്പൂരില്‍ നിന്നാണ് ഗള്‍ഫ് നാടുകളിലേക്ക് ഏറ്റവും കൂടുതല്‍ നിരക്ക്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍നിന്ന് ഓരോ ടിക്കറ്റിനും 2000 മുതല്‍ 3000 രൂപ വരെയാണ് വര്‍ധനവ്. കുറഞ്ഞ നിരക്ക് കണ്ണൂരില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ്. ബഹുഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന ഇക്കണോമി ക്ലാസില്‍ 35,000 മുതല്‍ 60,000 രൂപ വരെ കൂട്ടിയ വിമാനക്കമ്പനികളുമുണ്ട്. 10,000 മുതല്‍ 15,000 വരെയായിരുന്നു ഇതുവരെയും ടിക്കറ്റിന്. ബിസിനസ് ക്ലാസില്‍ ഒരുലക്ഷം രൂപവരെയാണ് കമ്പനികള്‍ ടിക്കറ്റിനായി ഈടാക്കുന്നത്. കരിപ്പൂര്‍ – സൗദി 44,000, നെടുമ്പാശേരി – സൗദി 41,200 തിരുവനന്തപുരം – സൗദി 41,420, കണ്ണൂര്‍ – സൗദി 41,240, കരിപ്പൂര്‍ – കുവൈത്ത് 38,430, നെടുമ്പാശേരി – കുവൈത്ത് 36,230, തിരുവനന്തപുരം – കുവൈത്ത് 36,000, നെടുമ്പാശേരി – ഖത്തര്‍ 39,000, തിരുവനന്തപുരം – ഖത്തര്‍ 38,100, കരിപ്പൂര്‍ – ഖത്തര്‍ 40,200, കണ്ണൂര്‍ – ഖത്തര്‍ 37,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.