ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇതുവരെ പുനരാരംഭിച്ചില്ല. നാവിക സേന രാവിലെ 9 മണിയോടെ പുഴയിൽ തെരച്ചിൽ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പുഴയിലിറങ്ങാൻ നാവികസേനക്ക് ഇതുവരെ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടില്ല. നദിയിൽ ഒഴുക്കില്ല. ജലനിരപ്പും കുറവാണ്. ഏറ്റവും അനുകൂല സാഹചര്യമായിട്ടും ജില്ലാ ഭരണകൂടം നാവികസേനക്ക് അനുമതി നൽകാത്തത് എന്ത്കൊണ്ടെന്ന് അറിയിച്ചില്ല. ഈ അവസരത്തിൽ പുഴയിൽ മുങ്ങി പരിശോധന നടത്തുന്നതാണ് നല്ലതെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ പറഞ്ഞത്.
കാർവാറിൽ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാർവാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവർക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം. ഇന്നലെ വൈകീട്ട് നാവികസംഘം പുഴയിലെ ഒഴുക്ക് പരിശോധിച്ചിരുന്നു. ഇന്ന് കാലാവസ്ഥ അനുകൂലവുമാണ്. അതേസമയം, എകെഎം അഷ്റഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തെരച്ചിൽ തുടങ്ങാത്തതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയും പറയുന്നത്.
ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് ജിതിൻ നേരത്തെ പ്രതികരിച്ചത്. തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്.