കുവൈറ്റ് സിറ്റി: കുവൈറ്റ് മിനിസിപ്പാലിറ്റിയിലെ പ്രവാസി ജീവനക്കാരെ മൂന്നു ദിവസത്തിനകം പിരിച്ചുവിടണമെന്ന തീരുമാനത്തിനു പിന്നാലെ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു തീരുമാനവുമായി കുവൈറ്റ് ഭരണകൂടം. കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള റസിഡന്‍സി പെര്‍മിറ്റ് കൈവശം വച്ചിരിക്കുന്ന താമസക്കാര്‍ക്കും വിദേശികള്‍ക്കും കമ്പനികളിലോ സ്ഥാപനങ്ങളിലോ പങ്കാളികളോ മാനേജിംഗ് പങ്കാളികളോ ആയി രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നതാണ് പുതിയ ഉത്തരവ്. മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് കുവൈറ്റിലെ അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതെങ്കിലും പ്രൊജക്ടിന്റെ ഭാഗമായോ അല്ലെങ്കില്‍ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതോ ആയ വര്‍ക്ക് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന റെസിഡന്‍സ് വിസയാണ് ആര്‍ട്ടിക്ക്ള്‍ 18 പ്രകാരമുള്ള വിസ. മലയാളികള്‍ ഉള്‍പ്പെടെയുള്ള മിക്ക പ്രവാസികളും സാധാരണ ഈ തൊഴില്‍ വിസയിലാണ് കുവൈറ്റില്‍ കഴിയുന്നത്. എന്നാല്‍ ഇവര്‍ക്ക് മറ്റേതെങ്കിലും സ്ഥാപനം തുടങ്ങാനോ അതില്‍ പാര്‍ട്ണര്‍മാരാവാനോ കഴിയില്ലെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ നടപ്പിലാക്കുന്ന പുതിയ മാനേജ്‌മെന്റ് നയത്തിന്റെ ഭാഗമായാണ് പ്രവാസികള്‍ക്ക് സ്ഥാപന ഉടമസ്ഥാവകാശം വിലക്കില്ലൊണ്ടുള്ള തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ ഉത്തരവ് എപ്പോള്‍ മുതല്‍ നിലവില്‍ വരും എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത കൈവന്നിട്ടില്ല.