ഗതാഗത നിയമലംഘനങ്ങളിൽ ഇളവ് നൽകുന്നത് അവസാനിക്കും

Share

ദോഹ: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിവിധ പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകളില്‍ ഇളവ് നല്‍കാന്‍ മെയ് മാസത്തിലാണ് തീരുമാനിച്ചത്. വിവിധ ജിസിസി രാജ്യങ്ങളിലേക്കും ഖത്തറിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ട്രാഫിക് നിയമ ലംഘനങ്ങളും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബര്‍ ഒന്നുമുതലുള്ള എല്ലാ ഗതാഗത പിഴകളും കുടിശ്ശികയായിട്ടുള്ള തുകകളും അടയ്ക്കുന്നതുവരെ, ഗതാഗത ലംഘനം ചാര്‍ജ് ചെയ്യപ്പെട്ടവരെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഖത്തറിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാര്‍, സന്ദര്‍ശകര്‍, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിലുണ്ടായ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളില്‍ ഇളവ് ലഭിക്കുക.