സൈബര്‍ തട്ടിപ്പ് ഒഴിവാക്കാൻ സുരക്ഷ മുന്നറിയിപ്പ് നൽകി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗൺസിൽ

Share

യുഎഇ: യുഎഇയിൽ താമസിക്കുന്നവർക്ക് സൈബര്‍ സുരക്ഷ മുന്നറിയിപ്പ് നൽകി യുഎഇ സൈബര്‍ സെക്യൂരിറ്റി കൗൺസിൽ. സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രധാനമായും പുതിയ മുന്നറിയിപ്പിൽ പറയുന്നത്. വീഡിയോയോ ഫോട്ടോയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കണമെന്ന് സെെബര്‍ സെക്യൂരിറ്റി വിഭാഗം ആവശ്യപ്പെട്ടു.
സൈബര്‍ തട്ടിപ്പു ഭീഷണി ഒഴിവാക്കാൻ സമൂഹ മാധ്യമങ്ങളിൽ ഫോട്ടോസ് പങ്കുവെക്കുമ്പോള്‍ ബാലൻസ്ഡ് ആയ രീതി സമീപിക്കുന്നതാണ് നല്ലത്. ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരും, സൈബര്‍ തട്ടിപ്പു സംഘവും കയ്യിലാക്കാനുള്ള സാധ്യത ഏറെയാണ്. വയസ്, ജെൻഡര്‍, ലൊക്കേഷൻ, ബയോമെട്രിക് ഡാറ്റ, ജോലി വിവരം, മെഡിക്കൽ വിവരങ്ങള്‍, നിങ്ങളെ തിരിച്ചറിയുന്നതിനുള്ള യുണീക് അടയാളങ്ങള്‍ തുടങ്ങിയ ഏഴ് വിവരങ്ങൾ തട്ടിപ്പു സംഘത്തിന് പെട്ടന്ന് ലഭിക്കുകയും ചെയ്യും. അതിനാൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷയോട് മാത്രമേ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാവു എന്നാണ് സെെബര്‍ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കുന്നത്.
ഇനി നിങ്ങള്‍ ഏതെങ്കിലും തരത്തിൽ സൈബര്‍ കുറ്റകൃത്യത്തിന് ഇരയാവുകയാണെങ്കിൽ നാല് തരത്തിൽ അത് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം തയ്യാറാക്കിയ My Safe Society ആപ്പാണ് ഇതിൽ ഒന്നാമത്തേത്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇൻ്റര്‍ഫേസുള്ള ഈ ആപ്പ് വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിൻ്റെ MOI ആപ്പ് വഴിയും, ദുബായ് പോലീസിൻ്റെ ഇ-ക്രെയിം സേവനം വഴിയും അബുദാബി പോലീസിൻ്റെ അമൻ സേവനം വഴിയും സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലീസിൽ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.