നേപ്പാളിൽ വിമാനം തകര്‍ന്നു വീണ് 18 പേർ മരിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിബുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ടേക് ഓഫിനിടെ വിമാനം തകര്‍ന്നു വീണത്. ശൗര്യ എയര്‍ലൈൻസ് വിമാനമാണ് തകര്‍ന്നു വീണത്. ക്ര്യൂ അംഗങ്ങളടക്കം 19 പേര്‍ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരു ജീവൻ ഒഴികെ വിമാനത്തിലുണ്ടായിരുന്ന 18 പേരും മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പെെലറ്റ് രക്ഷപ്പെട്ടുവെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നുണ്ട്.
റൺവേയിൽ നിന്ന് പറന്നുയരാൻ ശ്രമിച്ച വിമാനം ഒരു വശത്തേക്ക് ചെരിഞ്ഞ് ചിറകിന്റെ അറ്റം റൺവേയിൽ പതിക്കുകയായിരുന്നു. വിമാനം പെട്ടെന്ന് തീഗോളമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തീപിടിച്ച വിമാനം റൺവേയുടെ കിഴക്കുവശത്തുള്ള ഒരു തോട്ടിലേക്കാണ് വീണത്.
പൊഖാറയിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നു വീണത്. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫയര്‍ ഫോഴ്സും രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മെയിൻ്റനൻസ് ജോലികൾക്കായി പൊഖാറയിലേക്ക് പോവുകയായിരുന്നു 17 ടെക്നീഷ്യൻമാരാണ് വിമാനത്തിലുണ്ടായിരുന്നത്. എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ചീഫ് അര്‍ജുൻ ചന്ദ് താക്കൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.