കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള റെയിൽവേ പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ആരംഭിക്കും. ഇരു രാജ്യങ്ങൾ തമ്മിലുള്ള റെയിൽ പാത പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക സാധ്യതാ പഠനങ്ങൾ പരസ്പരം അംഗീകരിക്കുകയും, 2026 ൽ നിർമ്മാണം ആരംഭിക്കുമെന്നും അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതീക്ഷിക്കുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 3,300 യാത്രക്കാരാകുമെന്നാണ് കണക്ക്. യാത്രക്കാരെ കൊണ്ടുപോകാൻ ആറ് ട്രിപ്പുകൾ വരെ ഉണ്ടാകുന്നതാണ്.
കുവൈത്തിലെ ഷദ്ദാദിയ പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന റെയിൽവേ റിയാദ് വരെ നീളും. ഏകദേശം 500 കിലോമീറ്റർ ദൂരം ഒരു മണിക്കൂറും 40 മിനിറ്റും കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്കനുസൃതമായി ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കുമെന്നും ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. നിർമാണം ആരംഭിച്ച് നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.
റെയിൽവേ പദ്ധതിയ്ക്കാവിശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പദ്ധതി “പ്രാരംഭ രൂപകൽപന” തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ് . വൈകാതെ അന്താരാഷ്ട്ര കമ്പനികൾക്ക് മുമ്പിൽ ടെണ്ടർ നടപടികൾക്കുള്ള വാതിൽ തുറക്കുമെന്നും ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾ അറിയിച്ചു.